എന്‍.സി.പിയിൽ ഭിന്നത മൂക്കുന്നു; ചാക്കോ വിരുദ്ധ പക്ഷം പ്രത്യക്ഷ പോരിലേക്ക്
text_fieldsഗുരുവായൂര്‍: എന്‍.സി.പിയെ പി.സി. ചാക്കോ പക്ഷം വിഴുങ്ങുന്നതില്‍ അമര്‍ഷമുള്ളവര്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതായി സൂചന. അടുത്ത ദിവസംതന്നെ നേതൃതലത്തില്‍ പൊട്ടിത്തെറികളുണ്ടാകും. ഇപ്പോള്‍ നടക്കുന്ന ബ്ലോക്ക് യോഗങ്ങളില്‍ പ്രശ്നം സജീവ ചര്‍ച്ചയായിട്ടുണ്ട്. ചാക്കോയുടെ നടപടികള്‍ക്കെതിരെ സംസ്ഥാന നേതാക്കളെ ഉള്‍പ്പെടുത്തി വിശാലമായ ഫോറത്തിനും രൂപം നല്‍കും.
ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കള്‍ക്കും ചാക്കോയുടെ നടപടികളില്‍ ഭിന്നാഭിപ്രായമുണ്ടെന്നാണ് സൂചന. ഒല്ലൂരില്‍ നടന്ന ബ്ലോക്ക് സമ്മേളനത്തില്‍ സംസ്ഥാന നേതാവ്തന്നെ പരോക്ഷമായി ഇപ്പോഴത്തെ നടപടികളില്‍ വിമര്‍ശനം ഉന്നയിച്ചു.
ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളുമായി ആലോചിച്ചാവും പുതിയ ജില്ല പ്രസിഡൻറ് പ്രവര്‍ത്തിക്കുകയെന്ന ധാരണ ലംഘിച്ചാണ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയെ പിരിച്ചുവിട്ടതെന്ന് പറയുന്നു.
കോണ്ഗ്രസില്നിന്നെത്തി ജില്ല പ്രസിഡൻറായ സി.ഐ. സെബാസ്റ്റ്യന്‍ വേണ്ടി സംഘടന തെരഞ്ഞെടുപ്പിലൂടെ എത്തിയ ജില്ല പ്രസിഡൻറിനെ മാറ്റിയപ്പോള്‍ അദ്ദേഹത്തിന് മറ്റ് പദവികള്‍ നല്കാതിരുന്നതിലും അമർഷം ശക്തമാണ്. മന്ത്രി എ.കെ. ശശീന്ദ്രന് ഇടപെട്ടിട്ടും സ്ഥാനമൊഴിഞ്ഞ പ്രസിഡൻറിന് പകരം ചുമതല നല്‍കിയില്ല.
സമൂഹ മാധ്യമത്തിലെ പോസ്റ്റിെൻറ പേരില്‍ ജില്ല സെക്രട്ടറിയെ പുറത്താക്കാന്‍ സംസ്ഥാന സെക്രട്ടറിക്ക് അധികാരമില്ലെന്നും പാരമ്പര്യവാദികള്‍ പറയുന്നു. അച്ചടക്ക നടപടിക്ക് അധികാരമുള്ളത് പ്രസിഡൻറിനാണ്.
സമൂഹ മാധ്യമത്തില്‍ ചാക്കോക്കെതിരായ പോസ്റ്റിട്ടതിന് നടപടിയുണ്ടായപ്പോള്‍ ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ. ശശീന്ദ്രനെ വ്യക്തിഹത്യ ചെയ്ത ജില്ല ഭാരവാഹിക്കെതിരെ നടപടിയുണ്ടായില്ലെന്നും പറയുന്നു.
ഇയാള്‍ക്കെതിരെ മുന്‍ ജില്ല പ്രസിഡൻറ് ടി.കെ. ഉണ്ണികൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പുതിയ പ്രസിഡൻറ് സംരക്ഷിക്കുകയാണ് ചെയ്തതെന്നും ആക്ഷേപമുണ്ട്.