
പാകിസ്താന്റെ ജയത്തിൽ ആഹ്ലാദിച്ചെന്ന് കാണിച്ച് പരാതി; സുഹൃത്തിനെ അമ്പരപ്പിക്കാൻ പടക്കം പൊട്ടിച്ചവർ പുലിവാല് പിടിച്ചു
text_fieldsഗുരുവായൂർ: സുഹൃത്ത് താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലെത്തി കക്ഷിയെ ഒന്ന് അമ്പരിപ്പിക്കാൻ പടക്കം പൊട്ടിച്ചവർ സംശയത്തിെൻറ മുൾമുനയിലായി. ഇവർ പടക്കം പൊട്ടിച്ച സമയവും ലോകകപ്പിൽ പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ച സമയവും ഒന്നായതാണ് കുരുക്കായത്. തെക്കെ നടയിലെ ഫ്ലാറ്റ് സമുച്ചയത്തിന് മുന്നിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
കാമറയുടെ ലെൻസ് കൂട്ടുകാരന് തിരിച്ചെത്തിക്കാൻ വന്ന സുഹൃദ് സംഘമാണ് അബദ്ധത്തിൽ കുടുങ്ങിയത്. കൂട്ടുകാരനെ ഒന്ന് അമ്പരിപ്പിക്കാനാണ് അവൻ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിൽ പടക്കം പൊട്ടിച്ചത്. അവരുടെ കഷ്ടകാലത്തിന് ഇന്ത്യ പാകിസ്താനോട് തോറ്റ അതേ മുഹൂർത്തത്തിലായിരുന്നു പടക്കം പൊട്ടൽ. ഇന്ത്യയുടെ തോൽവിയിൽ ആഹ്ലാദിക്കുന്ന പാക്ക് അനുകൂലികളാവും പടക്കം പൊട്ടിച്ചിരിക്കുക എന്ന് സംശയിച്ച പരിസരവാസികളിലാരോ പൊലീസിന് വിവരം നൽകി.
വിവരങ്ങളന്വേഷിച്ച് പൊലീസ് എത്തിയപ്പോഴാണ് തങ്ങൾ കൗതുകത്തിന് ചെയ്ത പ്രവൃത്തിയുടെ അപകടം സുഹൃദ് സംഘത്തിന് മനസ്സിലായത്. പടക്കം പൊട്ടിച്ചവർ ഇന്ത്യ - പാകിസ്താൻ മത്സരം ഉള്ള കാര്യം പോലും ശ്രദ്ധിച്ചിരുന്നില്ലത്രേ.
ഉണ്ടായ കാര്യങ്ങൾ കൂട്ടുകാർ പറഞ്ഞപ്പോൾ പൊലീസിനും ബോധ്യപ്പെട്ടു. ഇനി പടക്കം പൊട്ടിക്കും മുമ്പ് ഇന്ത്യ-പാകിസ്താൻ മത്സരഫലം കൂടി നോക്കണമെന്ന ഗുണപാഠമാണ് സുഹൃദ് സംഘത്തിന് ലഭിച്ചത്.
