ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും ആന ഇടഞ്ഞു
text_fieldsഗുരുവായൂർ ക്ഷേത്രപരിസരത്ത് കൊമ്പൻ ദാമോദർദാസ്
ഇടഞ്ഞപ്പോൾ
ഗുരുവായൂര്‍: നവംബർ പത്തിന് വിവാഹ സംഘത്തിന്റെ സാന്നിധ്യത്തില്‍ ഇടഞ്ഞ് 'വൈറലായ' കൊമ്പന് ദാമോദര്‍ ദാസ് വീണ്ടും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് ഇടഞ്ഞു. വെള്ളിയാഴ്ച രാവിലെ കാഴ്ചശീവേലിക്ക് ശേഷം 9.30ഓടെ ക്ഷേത്രത്തിന് പുറത്ത് കൊണ്ടുവന്നപ്പോഴാണ് പടിഞ്ഞാറേ ഗോപുരനടയില്‍ വെച്ച് ഇടഞ്ഞത്.
മൂന്നാഴ്ച മുമ്പ് സംഭവിച്ചതുപോലെ പാപ്പാന് രാധാകൃഷ്ണന് തന്നെയായിരുന്നു ഉന്നം. പാപ്പാന് വിദഗ്ധമായി ഒഴിഞ്ഞു മാറി. ആന ഇടഞ്ഞതോടെ പടിഞ്ഞാറെ ഗോപുരവാതില്‍ അടച്ച് ഭക്തരെ നിയന്ത്രിച്ചു. രണ്ടാം പാപ്പാന് വി.സി. മണികണ്ഠന് ഈ സമയം ആനപ്പുറത്തുണ്ടായിരുന്നു.
മഴ വെള്ളം ഒഴുകി പോകാന്‍ സ്ഥാപിച്ച പ്ലാസ്റ്റിക്ക് പൈപ്പ് ആന വലിച്ചെറിഞ്ഞു. മറ്റ് ആനകളുടെ പാപ്പാന്മാര് എത്തിയാണ് തളച്ചത്. പിന്നീട് ആനത്താവളത്തിലേക്ക് മാറ്റി. ദാമോദര്‍ദാസ് വധൂവരന്മാരുടെ സാന്നിധ്യത്തില്‍ ഇടഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അന്ന് പാപ്പാനെ ആക്രമിക്കാന്‍ ആന ശ്രമിച്ചെങ്കിലും മുണ്ട് മാത്രമാണ് തുമ്പിക്കൈയില്‍ കിട്ടിയത്.