അർബുദ ബാധിതനായ യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsഗുരുവായൂര്‍: എല്ലിനെ ബാധിക്കുന്ന അർബുദം മൂലം ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്ന യുവാവ് തുടർ ചികിത്സക്ക് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. നഗരസഭ 35ാം വാർഡിലെ ചൂൽപ്പുറം ലക്ഷംവീട്ടിൽ പട്ടണത്ത് ശ്രീനിവാസെൻറ മകൻ ശ്രീജിത്താണ് (29) ചികിത്സ സഹായം തേടുന്നത്.
ഇപ്പോൾ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഈ യുവാവ് ആയോധനകലകളിലും പ്രഗല്ഭനായിരുന്നു. മൂന്നു വർഷം മുമ്പ് കളരി ഗുരുകുലം കളരി സംഘത്തിെൻറ നേതൃത്വത്തിൽ ഫ്രാൻസിൽ നടത്തിയ കളരിപ്പയറ്റ് പ്രദർശനത്തിൽ ശ്രീജിത്തും ഉണ്ടായിരുന്നു.
അമ്മയും അച്ഛനും ഭാര്യയും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് ഈ യുവാവ്. തുടർ ചികിത്സക്കും മറ്റുമായി വലിയ തുക ആവശ്യമുണ്ട്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ സുധൻ ചെയർപേഴ്സനും കെ.വി. ജനാർദനൻ കൺവീനറും ഒ.ടി. വിൻസൻറ് ട്രഷററുമായി ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ശ്രീജിത്ത് ചികിത്സ സഹായ സമിതി, കനറാ ബാങ്ക് ഗുരുവായൂർ ശാഖ, അക്കൗണ്ട് നമ്പർ: 0838101049707, ഐ.എഫ്.എസ്.സി: CNRB000083, ഗൂഗ്ൾ പേ: 96561 17255.