‘കൃഷ്ണ-കുചേല കഥയിലെ മായാജാലമല്ല; ശവക്കോട്ട പൂങ്കാവനമാക്കിയ ഗുരുവായൂർ മാതൃക’
text_fieldsചൂൽപ്പുറത്തെ മാലിന്യ സംസ്കരണ കേന്ദ്രം അന്നും (ഇടത്) ഇന്നും
ഗുരുവായൂർ: പതിറ്റാണ്ടുകളോളം ശവക്കോട്ട എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചൂൽപ്പുറത്തെ മാലിന്യ നിക്ഷേപ കേന്ദ്രം പൂവാടിയാക്കിയ ഗുരുവായൂർ മാതൃകയെ വാനോളം പുകഴ്ത്തിയ മന്ത്രി എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. കുടിൽ കൊട്ടാരമാക്കിയ കൃഷ്ണ - കുചേല കഥയിലെ മായാജാലമല്ല, നാല് വർഷത്തെ കഠിനാദ്ധ്വാനമാണ് ശവക്കോട്ടയെ പൂങ്കാവനമാക്കി പരിവർത്തിപ്പിച്ച നേട്ടത്തിന് പിന്നിൽ എന്ന ആമുഖത്തോടെയാണ് ‘ഗുരുവായൂർ മോഡൽ’ മന്ത്രി അവതരിപ്പിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് തീർഥാടകരെത്തുന്ന ഗുരുവായൂരിലെ മുഴുവൻ മാലിന്യങ്ങളും തള്ളിയിരുന്ന കേന്ദ്രമായിരുന്നു ചൂൽപ്പുറം. ഇതിന് പുറമെ അജ്ഞാത മൃതദേഹങ്ങളും അനാഥ ജഡങ്ങളും ഇവിടെയാണ് സംസ്കരിച്ചിരുന്നത്.
ഗുരുവായൂരിന്റെ വ്രണമെന്ന പോലെയാണ് മൂന്നര ഏക്കറിൽ ശവക്കോട്ട വ്യാപിച്ച് കിടന്നിരുന്നതെന്ന് മന്ത്രി കുറിപ്പിൽ ചൂണ്ടിക്കാട്ടി. അഴുകിയ മാലിന്യമല മുഴുവൻ നീക്കം ചെയ്ത് ഇവിടെ മാലിന്യ സംസ്കരണത്തിനുള്ള ബയോപാർക്കാക്കി മാറ്റി. ജൈവ വളങ്ങളുടെയും പച്ചക്കറി തൈകളുടെയും ഉത്പാദനം ആരംഭിച്ചു. ഗുരുവായൂരിലെത്തുന്ന തീർഥാടകർക്ക് ഇടത്താവളമായി ഉപയോഗിക്കാനുള്ള സൗകര്യത്തോടെ വഴിയോര വിശ്രമ കേന്ദ്രം പണികഴിപ്പിച്ചു. ഹരിതകർമസേന ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കൾ സംഭരിക്കാനും തരംതിരിക്കാനുമുള്ള 4000 ചത്രുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയും നിർമിച്ചു.
അതിനെല്ലാം ഉപരിയായി കളിയുപകരണങ്ങളും ജലധാരയുമെല്ലാമായി ഒരു ഭാഗം കുട്ടികളുടെ പാർക്കാക്കി മാറ്റി. ഒരിക്കൽ പേടിപ്പെടുത്തുന്ന ശവക്കോട്ടയായി നിന്ന സ്ഥലം ഇപ്പോൾ ഗുരുവായൂരിലെത്തുന്ന എല്ലാവരെയും ആകർഷിക്കുന്ന സുന്ദരകേന്ദ്രമായി മാറിയിരിക്കുന്നതായി മന്ത്രി കുറിച്ചു. രാജ്യത്തിന് തന്നെ മാതൃകയായിട്ടുള്ള ഈ നേട്ടം ജനങ്ങളിലെത്തുന്നത് എല്ലായിടത്തും ഇത്തരം മാറ്റത്തിന് സഹായകമാകുമെന്ന പ്രതീക്ഷയും മന്ത്രി പുലർത്തുന്നുണ്ട്. ഈ മാറ്റത്തിന് നേതൃത്വം കൊടുത്ത ഇപ്പോഴത്തെ കൗൺസിലിനും മുൻ കൗൺസിലിനും ഹൃദ്യമായ അഭിനന്ദനങ്ങളും മന്ത്രി അർപ്പിച്ചു. താൻ മന്ത്രിയെന്ന നിലയിൽ പങ്കെടുത്ത ഏറ്റവും ആഹ്ലാദകരമായ ചടങ്ങെന്നാണ് ശനിയാഴ്ച ചൂൽപ്പുറത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ എം.ബി. രാജേഷ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

