തൃപ്രയാർ: തിരുവോണ ദിവസം കോതകുളം ബീച്ചിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ആൾതാമസമില്ലാത്ത വീട്ടിൽനിന്ന് സ്ഫോടകവസ്തു ശേഖരം പിടികൂടി. ചാക്കിൽ സൂക്ഷിച്ച ഉഗ്രശേഷിയുള്ള 48 നാടൻ ഗുണ്ടുകളാണ് വലപ്പാട് പൊലീസ് പിടിച്ചെടുത്തത്.
തിരുവോണ ദിവസം വൈകീട്ടോടെ കോതകുളം ബീച്ചിന് സമീപം നടന്ന സംഘട്ടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സ്‌ഫോടക വസ്തു ശേഖരത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്. വലപ്പാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിലും സംഘവുമാണ് പരിശോധന നടത്തിയത്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫെയ്മസ് വർഗീസ് സ്ഥലത്തെത്തിയിരുന്നു. ഈ വീടും സമീപത്തെ ക്ലബും കേന്ദ്രീകരിച്ച് ശീട്ടുകളിയും മദ്യപാനവും പതിവാണെന്ന് പൊലീസ് പറയുന്നു. വീടിെൻറ ഉടമയെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ വലപ്പാട് വട്ടപ്പരത്തി-കോതകുളം ബീച്ച് മേഖലകളിലെ രണ്ട് സംഘങ്ങൾ തമ്മിലെ സംഘട്ടനം സംബന്ധിച്ച് 11 കേസാണുള്ളത്. എസ്.ഐ സി.പി. വിജു, എ.എസ്.ഐ കൊച്ചുമോൻ, സി.പി.ഒ ഉണ്ണികൃഷ്ണൻ, സ്‌പെഷൽ ഉദ്യോഗസ്ഥൻ അൻവർ സാദത്ത്, ഹോം ഗാർഡ് ജോഷി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.