ജി.എസ്.ടിയിൽ ഇളവ്; മരുന്നുകൾക്ക് അധിക വില ഈടാക്കിയാൽ നടപടി
text_fieldsമുളങ്കുത്തുകാവ്: മരുന്നിന് ജി.എസ്.ടി 12 ശതമാനത്തില്‍നിന്ന് അഞ്ചായി കുറച്ച കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം ഇരുകൈയും നീട്ടി സ്വീകരിച്ചു രോഗികള്‍. അർബുദം, ഹീമോഫീലിയ, സ്പൈനല്‍ മസ്കുലര്‍ അട്രോഫി, മാരക ശ്വാസകോശ രോഗികള്‍ക്കുള്ള 36 മരുന്നുകളുടെ ജി.എസ്.ടി പൂര്‍ണമായി ഇല്ലാതായി. ബാക്കിയുള്ളവ 12 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞു. ഓരോ മാസവും വന്‍ തുകയാണ് മരുന്നുകള്‍ക്കു ചെലവാക്കേണ്ടി വരുന്നത്.
കുറഞ്ഞ ജി.എസ്.ടി നിരക്ക് സാധാരണക്കാര്‍ ആശ്വാസമാകും. താങ്ങാവുന്നതിലും അപ്പുറമായിരുന്നു മരുന്നിന്റെ വില പ്രത്യേകിച്ച് ജീവൻ രക്ഷാമരുന്നുകൾക്ക്. എം.ആര്.പിയില്‍നിന്ന് ഏഴു ശതമാനം കുറച്ചായിരിക്കണം നല്‍കേണ്ടത്. ഈവര്‍ഷം ഡിസംബര്‍ 31വരെ പഴയ സ്റ്റോക്കില്‍ തിരുത്തല്‍ വരുത്താനോ സ്റ്റിക്കര്‍ പതിപ്പിക്കാനോ പാടില്ലെന്നാണ് കേന്ദ്ര നിര്‍ദേശം. പുതിയ സ്റ്റോക്ക് അഞ്ച് ശതമാനമായി വില കുറഞ്ഞുവരുന്നത് വരെ പഴയ സ്റ്റോക്ക് വാങ്ങിയാലും ഇതേ ഇളവു ഗുണഭോക്താക്കള്‍ക്ക് ലഭിക്കണം. അല്ലാത്തപക്ഷം ഗുണഭോക്തക്കള്‍ക്ക് പരാതിപ്പെടാം.
പുതുക്കിയ നികുതി നിരക്കിനനുസരിച്ചുള്ള ടാക്സ് ഇന്‍വോയ്സുകള്‍ നൽകുന്നതിനാവശ്യമായ മാറ്റങ്ങള്‍ ബില്ലിങ് സോഫ്റ്റ് വെയര്‍ സംവിധാനത്തില്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതു തെറ്റിച്ചാല്‍ കടുത്ത നടപടി മരുന്നുവ്യാപാരികള്‍ നേരിടേണ്ടി വരും. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നാഡി ഞരമ്പ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയവക്കും വില കുറയും. ഹീമോഫീലിയ രോഗികള്‍ക്കുള്ള മൂന്നുലക്ഷത്തോളം രൂപ വില വരുന്ന എമിസിസുമാബ് ഇന്ജക്ഷന് 35,000 രൂപ വരെ വില കുറയും.
എന്നാല്‍, ഇന്‍സുലിന്‍ മരുന്നുകള്‍ക്ക് വില കുറയില്ല. കരളിലെ അർബുദത്തിനുള്ള അലക്റ്റിനിബ് ഗുളികക്ക് ഒരാഴ്ചത്തേക്ക് 1.20 ലക്ഷം രൂപയായിരുന്നത് ജി.എസ്.ടിയില്ലാതായതോടെ 1.06 ലക്ഷം രൂപക്ക് ലഭിക്കും.14,471 രൂപ കുറയും. 56 ഗുളികയാണ് അലക്റ്റിനിബിന്റെ ഒരു പാക്കറ്റില്‍. പ്രതിദിനം ആറു മണിക്കൂര്‍ ഇടവിട്ട് എട്ട് ഗുളികയാണ് കഴിക്കേണ്ടത്. ഹീമോഫീലിയ രോഗികള്‍ക്കുള്ള എമിസിസുമാബ് ഇന്ജക്ഷന് മരുന്നിന് വിപണയില്‍ 2.94 ലക്ഷം രൂപയുണ്ടായിരുന്നത് 35,300 രൂപ കുറഞ്ഞ് 2.59 ലക്ഷത്തിനു ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

