തൃശൂർ: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് (ജി.എസ്.ടി.) പുനഃസംഘടന കടലാസിലൊതുങ്ങി. രണ്ടാം പിണറായി സർക്കാറിെൻറ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി വകുപ്പ് പരിഷ്കരിക്കുമെന്ന വാഗ്ദാനമാണ് എങ്ങുമെത്താത്തത്. ഇതുമായി ബന്ധപ്പെട്ട് സർക്കാറും വകുപ്പും തമ്മിൽ നടന്നത് ഏതാനും കത്തിടപാടുകൾ മാത്രമാണ്. ജി.എസ്.ടി നിലവിൽ വന്ന 2017-18 കാലത്ത് വ്യാപാരികൾ നൽകിയ കണക്കുകളിലെ പൊരുത്തക്കേടുകൾ പോലും പരിശോധിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.
രജിസ്റ്റർ ചെയ്ത 3.65 ലക്ഷം വ്യാപാരികളിൽ ഒരു ലക്ഷം പേർക്കാണ് വാർഷിക വരുമാനം അരക്കോടിക്ക് മുകളിലുള്ളത്. വ്യാപാരികൾ തന്നെ സമർപ്പിക്കുന്ന ഫയലുകളുടെ സൂക്ഷ്മ പരിശോധന നിലവിലെ സാഹചര്യത്തിൽ സാഹസമാണ്. പരിശോധന നടത്താൻ മട്ടാഞ്ചേരി അടക്കം 15 ഇടത്ത് ഓഡിറ്റ് വിങ് വേണമെന്ന് വകുപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിക്കുകയും 50 ഓഡിറ്റ് യൂനിറ്റിന് സർക്കാർ അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ, തുടർ നടപടികൾ സ്വീകരിച്ചില്ല.
വ്യാപാരികൾ സമർപ്പിക്കുന്ന റിട്ടേണുകൾ സൂക്ഷ്മ പരിശോധന നടത്തുന്ന അസസ്മെൻറ് വിഭാഗത്തിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ഓഡിറ്റ് വിഭാഗം രൂപവത്കരിക്കുന്ന പ്രക്രിയയാണ് സർക്കാർ ലക്ഷ്യം. എന്നാലിത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ് ജീവനക്കാരുടെ നിലപാട്.
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ ഉന്നത തസ്തികകളിൽ ആളില്ലാത്ത സാഹചര്യം തുടരുകയാണ്. നേരത്തെ നൂറോളം തസ്തികകളിൽ ഉന്നത ഉദ്യോഗസ്ഥർ ഇല്ലാത്ത വാർത്ത 'മാധ്യമം' നൽകിയിരുന്നു. തുടർന്ന് നിയമനം നടത്തിയെങ്കിലും അപൂർണമായതിനാൽ പ്രവർത്തനം അവതാളത്തിലാണ്.