വനപാലകരുടെ പരാതി; മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
text_fieldsറൂബിൻ ലാൽ
അതിരപ്പിള്ളി: വനമേഖലയിൽ അതിക്രമിച്ചു കടക്കുകയും വനപാലകരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. 24 ചാനൽ പ്രതിനിധിയും പരിസ്ഥിതി പ്രവർത്തകനുമായ അതിരപ്പിള്ളി സ്വദേശി റൂബിൻ ലാലിനെയാണ് കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെ പരാതിയിൽ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പാതിരാത്രിയിൽ റൂബിൻ ലാലിന്റെ താമസസ്ഥലത്തെത്തിയ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തിച്ചപ്പോൾ കഴുത്തിന് പിടിച്ച് തള്ളുകയും മർദിക്കുകയും അസഭ്യം പറയുകയും അടിവസ്ത്രം ധരിപ്പിച്ച് ലോക്കപ്പിലാക്കുകയും ചെയ്തതായും പരാതിയുണ്ട്.
ഞായറാഴ്ച രാവിലെ അതിരപ്പിള്ളിയിൽ കാട്ടുപന്നിക്ക് വാഹനമിടിച്ച് പരിക്കേറ്റ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയതുമായി ബന്ധപ്പെട്ടാണ് സംഭവം. കാട്ടുപന്നിക്ക് ചികിത്സ വൈകിയെന്ന് ചാനലിൽ വാർത്ത നൽകിയതാണ് വനപാലകരെ പ്രകോപിപ്പിച്ചത്. വനപാലകർ സംഭവസ്ഥലത്ത് എത്തിയപ്പോൾ വിഡിയോയെടുത്ത റൂബിൻ ലാലിനോട് വനത്തിൽ വിഡിയോ ചിത്രീകരിക്കാൻ പാടില്ലെന്നു പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു.
റോഡിൽനിന്നാണ് ഫോട്ടോയെടുക്കുന്നതെന്ന് റൂബിൻ ലാൽ തർക്കിച്ചതോടെ ബഹളമുണ്ടാകുകയായിരുന്നു. റൂബിൻ ലാലിനെ ചാലക്കുടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മനുഷ്യാവകാശ കമീഷന് പരാതി നൽകി
ചാലക്കുടി: അതിരപ്പിള്ളിയിൽ മാധ്യമപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ റൂബിൻ ലാലിനെതിരെയുള്ള പൊലീസ്- വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനുഷ്യാവകാശ ലംഘനത്തിനെതിരെ സമത സമൂഹ മാധ്യമ കൂട്ടായ്മ മനുഷ്യാവകാശ കമീഷന് പരാതി നൽകി.
സമതയുടെ നേതൃത്വത്തിൽ അതിരപ്പിള്ളി ആദിവാസി മേഖലയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിക്കുന്നയാളാണ് റൂബിൻ ലാൽ. അപകടത്തിൽപെട്ട കാട്ടുപന്നിയുടെ ദുരവസ്ഥയും അക്കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും പൊതുസമൂഹത്തിൽ എത്തിച്ചതാണ് ചില വനം -പൊലീസ് മേധാവികളെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമാണ്.
കുറ്റവാളികളായ ഉദ്യോഗസ്ഥരെ ചുമതലകളിൽനിന്ന് മാറ്റി മനുഷ്യാവകാശ കമീഷൻ സ്വമേധയാ അന്വേഷണം ഏറ്റെടുത്ത് കുറ്റവാളികൾക്ക് മാതൃകപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സമത പ്രസിഡന്റ് കെ. ശശികുമാർ മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

