ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നിലച്ച സംഭവം സർജന്മാരെ പരസ്പരം സ്ഥലംമാറ്റി
text_fieldsതൃശൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒന്നര മാസത്തോളമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നിലച്ച സംഭവത്തിൽ കാർഡിയോ തൊറാസിക് സർജന്മാരെ പരസ്പരം മാറ്റി പരിഹാരം കണ്ട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. തൃശൂർ മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. അഷ്റഫ് ഉസ്മാനെ ആലപ്പുഴ മെഡിക്കൽ കോളജിലേക്കും ആലപ്പുഴയിലെ ഡോ. കെ. കൊച്ചുകൃഷ്ണനെ തൃശൂരിലേക്കും സ്ഥലം മാറ്റി ഉത്തരവിറങ്ങി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി രണ്ടാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജിൽ എത്തി പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടും മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും പ്രിൻസിപ്പലിന്റെയും റിപ്പോർട്ടുകളും പരിഗണിച്ചാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് സാങ്കേതിക സഹായം നൽകുന്ന പെർഫ്യൂഷണിസ്റ്റിനു വേണ്ടത്ര യോഗ്യതയും കാര്യക്ഷമതയും ഇല്ലെന്നു കാട്ടി തൃശൂർ മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് സർജൻ നേരത്തെ ഉന്നത അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇവർക്ക് സംഭവിക്കുന്ന പിഴവുകൾ രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ജൂൺ ആദ്യം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നിർത്തിവെച്ചത്.
നിലവിൽ തൃശൂർ മെഡിക്കൽ കോളജിൽ 50 ലധികം പേരാണ് ശസ്ത്രക്രിയക്ക് കാത്തിരിക്കുന്നത്. ആഴ്ചയിൽ രണ്ട് ശസ്ത്രക്രിയ ആണ് നടന്നിരുന്നത്. ഒന്നര മാസത്തിനിടെ പത്തു രോഗികളുടെ ശസ്ത്രക്രിയകൾ മാറ്റിവെച്ചിരുന്നു. പുതിയ ഡോക്ടർ ചുമതലയേറ്റ ശേഷമാകും ശസ്ത്രക്രിയകൾ പുനരാരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

