ഗ്യാസ് സിലിണ്ടറിലെ അടപ്പ് തെറിച്ചുവീണു; വീട്ടമ്മക്ക് കണ്ണിന് ഗുരുതര പരിക്ക്
text_fieldsവടക്കാഞ്ചേരി: ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ ശക്തമായ മർദത്തിൽ അടപ്പ് തെറിച്ചുവീണ് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കാഞ്ചേരി കുമ്പളങ്ങാട് പള്ളിമണ്ണ ശിവക്ഷേത്രത്തിന് സമീപം മാരാത്ത കൃഷ്ണകുമാരന്റെ ഭാര്യ ശ്രീപ്രിയക്കാണ് (42) കണ്ണിന് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8.45ഓടെയായിരുന്നു സംഭവം.
വീട്ടിലെ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ സിലിണ്ടറിന്റെ അടപ്പ് ശക്തമായ മർദത്തോടെ തെറിക്കുകയും ഗ്യാസ് പുറത്തേക്ക് തള്ളുകയുമായിരുന്നു. സിലിണ്ടറിൽനിന്ന് മുകളിലേക്ക് ശക്തമായി പാഞ്ഞുവന്ന ഗ്യാസ് ശ്രീപ്രിയയുടെ ഇടതുകണ്ണിന്റെ ഭാഗത്ത് ശക്തമായി അടിക്കുകയായിരുന്നു. അപകടത്തിൽ കണ്ണിന് കടുത്ത രക്തസ്രാവവും ഗുരുതര പരിക്കുമേറ്റു. ഉടൻ വിദഗ്ധ ചികിത്സക്ക് അങ്കമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.
അപകടത്തെ തുടർന്ന് വീട് മുഴുവൻ ഗ്യാസ് വ്യാപിച്ചെങ്കിലും വീട്ടിലെ കിടപ്പുരോഗിയെ നാട്ടുകാർ സുരക്ഷിതമായി പുറത്തെത്തിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടക്കാഞ്ചേരി അഗ്നിരക്ഷാസംഘം ഉടൻ ഗ്യാസ് ചോർച്ച നിയന്ത്രണവിധേയമാക്കുകയും സിലിണ്ടർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തതോടെ വൻ ദുരന്തം ഒഴിവായി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷിന്റോ, ഓഫിസർമാരായ ഷിബു, സൈമൺ, കൃഷ്ണരാജ്, അക്ഷയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

