ആധുനിക വാതക ശ്മശാനം; നിർമാണം അട്ടിമറിക്കുന്നെന്നാരോപിച്ച് ജില്ല പഞ്ചായത്ത് അംഗത്തിന്റെ ഉപവാസം
text_fieldsഉപവാസസമരം ആരംഭിച്ച ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിലിന് കെ.വി. അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ നേതാക്കൾ അഭിവാദ്യമർപ്പിക്കുന്നു
വടക്കേക്കാട്: പഞ്ചായത്തിലെ ആധുനിക വാതക ശ്മശാന നിർമാണം അട്ടിമറിക്കുന്നെന്നാരോപിച്ച് ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ ഉപവാസസമരം ആരംഭിച്ചു. റഹീം വീട്ടിപറമ്പിൽ ഇടപെട്ട് ജില്ല പഞ്ചായത്ത് 68 ലക്ഷം അനുവദിച്ചിരുന്നു. ഇതിൽനിന്ന് ആദ്യ ഗഡുവായി 13.6 ലക്ഷം കഴിഞ്ഞ മേയില്‍ കൈമാറുകയും ചെയ്തു.
എന്നാൽ, ഈ തുക സർക്കാർ ഏജൻസിയായ കോസ്റ്റ് ഫോർഡിന് നിർമാണത്തിനായി നൽകാതെ പഞ്ചായത്ത് അധികൃതർ നിർമാണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. ഫണ്ട് ലാപ്സാക്കാനുള്ള ശ്രമമാണിതെന്നും റഹീം ആരോപിക്കുന്നു. ഇടതുപക്ഷ അംഗമായ തന്റെ ഇടപെടലിനെ തുടർന്ന് ശ്മശാനം പൂർത്തിയായാൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകില്ലെന്ന സങ്കുചിതമായ രാഷ്ട്രീയതാൽപര്യം മാത്രമാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിയും പ്രസിഡന്റ് വി.കെ. ഫസലുൽ അലിയും തുടരുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ഉപവാസം നടത്തുന്നത്. വടക്കേക്കാട് പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തുന്ന ഉപവാസ സമരം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ വടക്കേക്കാട് ലോക്കൽ സെക്രട്ടറി വി.എം. മനോജ് അധ്യക്ഷത വഹിച്ചു. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസൻ, സി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.വി. വല്ലഭന്, ടി. തുളസിദാസ്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. സുരേന്ദ്രന്, ജാസ്മിന് ഷഹീര്‍, സി.പി.എം വടക്കേക്കാട് ലോക്കൽ സെക്രട്ടറി അഷറഫ് പാവൂരയിൽ, വൈലത്തൂർ ലോക്കൽ സെക്രട്ടറി വി.വി. വിനോദ്, എം. ഷംസുദ്ദീൻ, എ.ഡി. ധനീപ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

