തൃശൂർ നഗരത്തിൽ വീണ്ടും ഗുണ്ടസംഘങ്ങൾ തലപൊക്കുന്നു
text_fieldsതൃശൂർ: പൊലീസിന്റെ ശക്തമായ ഇടപെടലിലൂടെ അടിച്ചൊതുക്കിയ തൃശൂരിലെ ഗുണ്ടവിളയാട്ടം ഒരിടവേളക്കു ശേഷം വീണ്ടും സജീവം. കഴിഞ്ഞ ദിവസം രാത്രിയിൽ ദിവാൻജിമൂലയിൽ കത്തിക്കുത്തിനും യുവാവിന്റെ കൊലപാതകത്തിനുമിടയാക്കിയത് പുതിയതായി വളരുന്ന ഗുണ്ടസംഘങ്ങളുടെ പോർവിളിയെന്നാണ് അറിയുന്നത്.
ദിവാൻജിമൂല കേന്ദ്രീകരിച്ച് ഇത്തരം ചെറു സംഘങ്ങളുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. എന്നാൽ, ഇത്തരം സംഘങ്ങളുടെ വളർച്ച അറിയുന്നതിൽ ഇന്റലിജൻസ് വിഭാഗത്തിനുണ്ടായ വീഴ്ചയാണ് തിങ്കളാഴ്ച രാത്രിയിലെ കൊലപാതകത്തിലേക്കെത്തിച്ചത്.
പിടിച്ചുപറിക്കാരും ലഹരി വിൽപന സംഘങ്ങളും ഏറിവരുന്ന ദിവാൻജിമൂലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ തമ്മിലടിയുണ്ടായത് പത്തോളം തവണയാണ്. രണ്ടുതവണ കത്തിക്കുത്തുമുണ്ടായി. ഇതിലൊരെണ്ണം ഗൗരവകരമായിരുന്നു. തദ്ദേശവാസികളും അന്തർസംസ്ഥാനത്തുള്ളവരുമടക്കം ഈ സംഘങ്ങളിലുണ്ട്.
രണ്ടുമാസം മുമ്പ് പണിതീർത്ത് ജ്വല്ലറികളിലേക്ക് കൊണ്ടുപോയിരുന്ന 1.80 കോടിയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കാൻ കവർച്ചസംഘം കാത്തിരുന്ന സ്ഥലം റെയിൽവേക്കും കെ.എസ്.ആർ.ടി.സിക്കും ഇടയിലെ കൊക്കാലെയായിരുന്നു. പിപ്പിരി ജോസും ദുർഗ പ്രസാദും കരടി മനോജുമൊക്കെ പരസ്പരമുള്ള പോർവിളികളിൽ ഒടുങ്ങി. ഒടുവിലെ കണ്ണികളായി കടവി രഞ്ജിത്തുമടക്കമുള്ളവരാണ് ഉള്ളത്.
ജയിലിലിരുന്നുള്ള ലഹരിക്കടത്ത് പോലുള്ള ഇടപാടുകൾ ഇപ്പോഴുമുണ്ടെന്ന് പറയുന്നു. ഗുണ്ടകളിലെ വമ്പന്മാരെ ഒതുക്കിയ ആശ്വാസത്തിലാണ്. പക്ഷേ, പുതിയ ഗുണ്ടകളുടെ വരവിന് ഈ ലഹരി കൂട്ടുകെട്ടുകൾ കാരണമായിട്ടുണ്ട്.
മേഖല കേന്ദ്രീകരിച്ച് പിടിച്ചുപറിയും ലഹരി വിൽപനയും ശക്തമാണ്. റെയിൽവേ സ്റ്റേഷനിൽ ഇടക്കിടെ ലഹരി വസ്തുക്കൾ പിടികൂടുന്നുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിത്യേനയെന്നോണമാണ് പോക്കറ്റടിയും കവർച്ചയും. കാമറ വെച്ചിട്ടും പോക്കറ്റടിക്ക് കുറവൊന്നുമില്ല. ആവശ്യത്തിന് പൊലീസുകാരില്ലാത്തതും ലൈറ്റ് സൗകര്യമില്ലാത്തതും ഇത്തരക്കാർക്ക് സൗകര്യമാണ്.
ഓണാഘോഷത്തിനിടെ നഗരത്തിൽതന്നെ നടന്ന ഇരട്ടക്കൊലപാതകങ്ങൾ, തിങ്കളാഴ്ച ദിവാൻജിമൂലയിൽ നടന്ന കൊലപാതകം, ഞായറാഴ്ച വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ സംഘർഷം എന്നിവയിൽ ഇന്റലിജൻസിന് സൂചന ലഭിച്ചിരുന്നില്ലെന്നത് ഗൗരവകരമാണ്. ഇന്റലിജൻസ് പരാജയമാണെന്ന വിമർശനം പൊലീസിനുള്ളിൽത്തന്നെയുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

