‘കലുങ്കി’ൽനിന്ന് കോൺഗ്രസിലേക്ക്
text_fieldsവരന്തരപ്പിള്ളിയിൽ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന പ്രവർത്തകരെ കെ.പി.സി.സി അംഗം നിഖിൽ ദാമോദരൻ സ്വീകരിക്കുന്നു
തൃശൂർ: സുരേഷ് ഗോപി എം.പിയുടെ നേതൃത്വത്തിൽ നടന്ന ‘കലുങ്ക് സൗഹൃദ ചർച്ച’ക്ക് പിന്നാലെ വരന്തരപ്പിള്ളിയിൽ ബി.ജെ.പിയിൽ നിന്നും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക്.പഞ്ചായത്തിലെ നാലാം വാർഡിലെ മൂന്ന് സജീവ പ്രവർത്തകരും കുടുംബവുമാണ് കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച വാർഡാണിത് എന്നത് തിരിച്ചടിയുടെ ആഴം വർധിപ്പിക്കുന്നു.
ശനിയാഴ്ച സുരേഷ് ഗോപി പങ്കെടുത്ത സൗഹൃദ ചർച്ച കഴിഞ്ഞ് മണിക്കൂറുകൾക്കകം, തൊട്ടടുത്ത ദിവസം തന്നെയായിരുന്നു പ്രവർത്തകരുടെ കോൺഗ്രസ് പ്രവേശനം. വാർഡിലെ സജീവ ബി.ജെ.പി പ്രവർത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് കോൺഗ്രസിൽ അംഗത്വമെടുത്തത്. കെ.പി.സി.സി അംഗം നിഖിൽ ദാമോദരൻ ഇവരെ ഷാൾ അണിയിച്ചും അംഗത്വം നൽകിയും പാർട്ടിയിലേക്ക് സ്വീകരിച്ചു.
നരേന്ദ്ര മോദിയും സുരേഷ് ഗോപിയും സംഘപരിവാറും പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിൽ മനംമടുത്താണ് പ്രവർത്തകർ ബി.ജെ.പി വിടുന്നതെന്ന് നിഖിൽ ദാമോദരൻ പറഞ്ഞു. തെറ്റ് തിരുത്തി മതേതര ഇന്ത്യയെ സംരക്ഷിക്കാൻ കോൺഗ്രസിനൊപ്പം ചേരുന്ന എല്ലാവരെയും പാർട്ടി ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ കോൺഗ്രസിന്റെ ഭാഗമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.പി.സി.സി അംഗം നിഖിൽ ദാമോദരന്റെ നേതൃത്വത്തിൽ ജില്ലയിൽ 31 കുടുംബങ്ങളെ കോൺഗ്രസിലേക്ക് സ്വീകരിക്കുന്ന കാമ്പയിൻ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇതുവരെ 16 കുടുംബങ്ങൾക്ക് അംഗത്വം
നൽകി.മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി നിഷ രാജേഷ്, ബ്ലോക്ക് പ്രസിഡന്റ് പ്രീജ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പ്രകാശ്, മണ്ഡലം വൈസ് പ്രസിഡന്റ് സുമേഷ്, മണ്ഡലം ട്രഷറർ റിന്റോ, സെക്രട്ടറി സംഗീത, മഹിള കോൺഗ്രസ് വാർഡ് പ്രസിഡന്റ് പ്രീമ, കെ.എസ്.യു ജില്ല കമ്മിറ്റി അംഗം ആദിൽ എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

