വ്യാജ ആപ് വഴി തട്ടിപ്പ്; പ്രതി പിടിയിൽ
text_fieldsഅഹമ്മദ്
കൊടുങ്ങല്ലൂർ: വ്യാജ ആപ് വഴി ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് 17,000 രൂപ അയച്ചതായി തെറ്റിധരിപ്പിച്ച് മൊബൈൽ ഫോൺ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി എള്ളുംപറമ്പിൽ വീട്ടിൽ അഹമ്മദാണ് (18) അറസ്റ്റിലായത്.
എസ്. പുരം കോതപറമ്പ് സ്വദേശി തൈപറമ്പിൽ നൗഫലും നെടുംപറമ്പ് സ്വദേശി മുസ്തഫയും പാർട്ണർമാരായി മതിലകം സെന്ററിൽ പ്രവർത്തിക്കുന്ന മൊബൈൽ പാർക്കിലാണ് പ്രതി തട്ടിപ്പിന് ശ്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. മൊബൈൽ ഷോപ്പിൽ വന്ന പ്രതി ഫോൺ വാങ്ങിയ ശേഷം ഷോപ്പിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഫോൺ പേ വഴി പണം അയച്ചതായി പറഞ്ഞ് സ്ക്രീൻ ഷോട്ട് കൊടുത്ത് പെട്ടെന്ന് മൊബൈൽ ഷോപ്പിൽ ഇറങ്ങിപ്പോകാൻ ശ്രമിക്കുകയായിരുന്നു.
പോകല്ലെയെന്ന് പറഞ്ഞെങ്കിലും തന്ത്രപൂർവം പോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ സംശയം തോന്നിയ നൗഫൽ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം ക്രെഡിറ്റ് ആയിട്ടില്ലെന്ന് മനസ്സിലായത്. തുടർന്ന് പ്രതിയെ തടഞ്ഞ് വെച്ച് മതിലകം പൊലീസിനെ അറിയിക്കുകയായിരുന്നു.
നൗഫലിന്റെ പരാതിയിലാണ് കേസെടുത്തത്. മതിലകം എസ്.എച്ച്.ഒ എം.കെ. ഷാജി, എസ്.ഐ അശ്വിൻ റോയ്, ജി.എസ്.സി.പി.ഒമാരായ സനീഷ്, ഷനിൽ എന്നിവരാണ് അന്വേഷണം നടത്തിയത്. മതിലകം സെൻററിലെ ചിക്കൻ സെൻററിൽനിന്ന് കോഴി വാങ്ങിയത് ഉൾപ്പെടെ മറ്റു തട്ടിപ്പുകളും ഇയാൾ നടത്തിയതായി സൂചനകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

