നാല് മാസം, എട്ട് കൊലപാതകം; രക്തം പടർന്ന് സാംസ്കാരിക നഗരി
text_fieldsതൃശൂർ: സാംസ്കാരിക നഗരിയെന്ന് ഊറ്റം കൊള്ളുന്ന ജില്ലയിൽ നാല് മാസത്തിനിടയിലുണ്ടായത് എട്ട് കൊലപാതകം. മരിച്ചവരിൽ അഞ്ച് വയസ്സുകാരനുമുണ്ട്. രണ്ടിടത്ത് ഭാര്യ കൊല്ലപ്പെട്ടപ്പോൾ ഒരിടത്ത് ഭർത്താവിനെ ഭാര്യ കൊന്നു. ജൂലൈ 27ന് ചാലക്കുടി പെരിങ്ങൽകുത്തിൽ ആദിവാസി യുവതിയെയും വെള്ളിയാഴ്ച വിയ്യൂർ ചേറൂരിലുമാണ് ഭാര്യമാരെ കൊലപ്പെടുത്തിയ സംഭവങ്ങളുണ്ടായത്. ജൂലൈ 11നാണ് വരന്തരപ്പിള്ളിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം. മാർച്ച് 30നാണ് ആമ്പല്ലൂർ മുപ്ലിയത്ത് അന്തർസംസ്ഥാന കുടുംബങ്ങളിലുള്ളവർ തമ്മിലുള്ള കുടുംബത്തർക്കത്തിൽ ബന്ധുവിന്റെ വെട്ടേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചത്.
അസം സ്വദേശിയുടെ മകൻ നജിറുൾ ഇസ്ലാം ആണ് മരിച്ചത്. മുതിർന്നവർ തമ്മിലെ കുടുംബത്തർക്കത്തിനിടെ അടുത്തുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിന് വെട്ടേൽക്കുകയായിരുന്നു. സ്ഥലത്ത് വെച്ചുതന്നെ കുട്ടി മരിച്ചു. കുഞ്ഞിന്റെ അമ്മക്കും വെട്ടേറ്റിരുന്നു. ഇവർ ഇപ്പോഴും ചികിത്സയിലാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് വിറങ്ങലിച്ച മറ്റൊരു കൊലപാതകമുണ്ടായത്. പ്രഭാത ഭക്ഷണത്തിൽ വിഷം കലർത്തി ആയുർവേദ ഡോക്ടറായ മകൻ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു. അവണൂർ എടക്കുളം അമ്മനത്ത് വീട്ടിൽ ശശീന്ദ്രനെ ആണ് മകൻ മയൂരനാഥൻ കൊലപ്പെടുത്തിയത്. സ്വത്ത് തർക്കവും അമ്മയുടെ ആത്മഹത്യക്ക് കാരണം അച്ഛനാണെന്ന പകയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
മാസങ്ങളായി നടത്തിയ ആസൂത്രണത്തിലൂടെ വിഷക്കൂട്ടുകൾ ഓൺലൈനിലൂടെ എത്തിച്ച് വീട്ടിൽ തന്നെ വിഷം തയാറാക്കി ഭക്ഷണത്തിൽ കലർത്തുകയായിരുന്നു. അച്ഛനെ മാത്രമേ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നുള്ളൂവെങ്കിലും ശശീന്ദ്രനും മാതാവും ശശീന്ദ്രന്റെ രണ്ടാംഭാര്യയും വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികൾ അടക്കമുള്ളവർക്കും ഭക്ഷണം കഴിച്ചതോടെ അസ്വസ്ഥത അനുഭവപ്പെട്ടതാണ് ആസൂത്രിത കൊലപാതകം മണിക്കൂറുകൾക്കൊണ്ട് ചുരുളഴിഞ്ഞത്. പൊലീസിന്റെ സംശയവും ഭക്ഷ്യ വിഷബാധയല്ല, വിഷംകലർന്നതാണെന്ന ഫോറൻസിക് സർജന്റെ സ്ഥിരീകരണവുമായതോടെ ആയുർവേദ ഡോക്ടറുടെ അതിബുദ്ധി വിജയിച്ചില്ല. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അച്ഛനെ കൊലപ്പെടുത്തിയതാണെന്ന് മകൻ മയൂരനാഥൻ വെളിപ്പെടുത്തി.
ഏപ്രിൽ എട്ടിനാണ് ചേർപ്പ് കോടന്നൂർ ആര്യാംപാടത്ത് ലഹരിയിലായിരുന്ന മകന്റെ മർദനമേറ്റ് പിതാവ് മരിച്ചത്. ആര്യംപാടം ചിറമ്മൽ ജോയ് (66) ആണ് മരിച്ചത്. മകൻ റിജോയെ പൊലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ ജൂലൈ 11നാണ് വരന്തരപ്പള്ളിയിൽ വിനോദിന്റെ ദുരൂഹമരണം. നാല് ദിവസത്തിന് ശേഷം മരണം കൊലപാതകമെന്ന് കണ്ടെത്തി ഭാര്യ നിഷയെ (43) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ ഫോൺവിളികളിലെ സംശയത്തെ തുടർന്നുള്ള വഴക്കാണ് ഒടുവിൽ ജീവനെടുക്കുന്ന നിലയിലെത്തിയത്. കൊലപ്പെടുത്തണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നാണ് നിഷയുടെ മൊഴി. സംഭവം ഒളിപ്പിച്ചുവെക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തതോടെ കൃത്യം കൊലപാതകം തന്നെ.
ജൂലൈ 23നാണ് വടക്കേക്കാട് ഇരട്ടക്കൊലപാതകമുണ്ടായത്. വൈലത്തൂർ അണ്ടിക്കോട്ട് കടവ് പനങ്ങാവിൽ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉപ്പയും ഉമ്മയുമില്ലാതെ താലോലിച്ച് വളർത്തിയ പേരക്കുട്ടി മുന്ന എന്ന ആഗ്മലാണ് ഇരുവരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. ലഹരിക്കടിമയായ ആഗ്മൽ പണം ആവശ്യപ്പെട്ട് നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അതിക്രൂരമായ കൊലപാതകത്തിന് ശേഷം നാട് വിട്ട ഇയാളെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോഴും ചെയ്ത പ്രവൃത്തിയിൽ കുറ്റബോധമുണ്ടായിരുന്നില്ല.
27നാണ് ചാലക്കുടി അതിരപ്പിള്ളിയിൽ പെരിങ്ങൽകുത്തിൽ കെ.എസ്.ഇ.ബി സെക്ഷനിലെ സ്വീപ്പർ ജോലിക്കാരിയുടെ മകൾ ഗീതയെ (32) ക്വാട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ അതിഗുരുതരമായ പരിക്കുകളുണ്ടായിരുന്നു.
ഭർത്താവ് സുരേഷിനെ രണ്ട് ദിവസത്തിന് ശേഷം കാട്ടിൽനിന്ന് പൊലീസ് പിടികൂടി. മദ്യപിച്ചെത്തി ഗീതയുമായി വഴക്കും മർദനവും പതിവായ സുരേഷ് തലേദിവസവും വഴക്കും മർദനവും തുടർന്നിരുന്നു. അടുത്തുള്ളവർ ചോദിക്കാനെത്തിയപ്പോൾ ഭാര്യയുമായി പോയ സുരേഷിനെ പിന്നെ കണ്ടിട്ടില്ല. ക്വാർട്ടേഴ്സിൽ ശരീരമാസകലം ഗുരുതര പരിക്കേറ്റ് ഗീതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പിന്നാലെയാണ് 28ന് അവധി ദിനത്തിൽ വിയ്യൂരിൽ കെ.എസ്.ഇ.ബി ഓഫിസിൽ കരാർ ജീവനക്കാർ തമ്മിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ തമിഴ്നാട് ധാരാപുരം തെങ്കാശി സ്വദേശി മുത്തുപാണ്ടിയെ (52) കുത്തിക്കൊലപ്പെടുത്തിയത്. പ്രതി മാരിപാണ്ടിയെ സ്ഥലത്തുനിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഫെബ്രുവരി 18നാണ് ചേർപ്പ് തിരുവാണിക്കാവിൽ ബസ് ഡ്രൈവറെ സംഘം ചേർന്ന് സദാചാര ഗുണ്ടകൾ ആക്രമിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഏഴിന് മരണത്തിന് കീഴടങ്ങി. കൊലപാതകങ്ങളെല്ലാം അതിക്രൂരവും നിഷ്ഠൂരവുമാണെന്ന് മാത്രമല്ല, എല്ലാവരും ഏറെ ബന്ധമുള്ളവരും അടുപ്പമുള്ളവരും ഉറ്റവരുമാണെന്നതാണ് വേദനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

