അനന്തുവിനെ കാണാതായിട്ട് നാലര മാസം; ചുരുളഴിക്കാനാകാതെ പൊലീസ്
text_fieldsഅനന്തുവിനെ കാത്ത് വീട്ടിൽ ഇരിക്കുന്ന
അമ്മൂമ്മ ലക്ഷ്മിയും അമ്മ ബിന്ദുവും.
ഇൻസെറ്റിൽ അനന്തു
കാഞ്ഞാണി: വിനോദയാത്ര പോയ കാഞ്ഞാണി സ്വദേശിയായ 19കാരനെ കാണാതായിട്ട് നാലര മാസമായിട്ടും തിരോധാനത്തിന്റെ ചുരുളഴിക്കാനാകാതെ പൊലീസ്. അന്വേഷണത്തിൽ തൃപ്തരല്ലാത്ത യുവാവിന്റെ കുടുംബം പ്രത്യേക അന്വേഷണ സംഘം വേണമെന്ന് ആവശ്യപ്പെട്ട് ഉന്നതർക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ്.
മണലൂർ കാരമുക്ക് കോലാട്ട് വീട്ടിൽ അനന്തു നവംബർ ഒമ്പതിനാണ് കൂട്ടുകാരുമൊത്ത് കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയത്. അന്ന് രാത്രി 10ന് കൊടൈക്കനാലിൽ എത്തിയശേഷം മറ്റുള്ളവർ മുറിയിൽ വിശ്രമിക്കുന്ന സമയം സുഹൃത്തുമൊത്ത് അനന്തു കാറിൽ പുറത്തേക്ക് പോയി. സിറ്റിയിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരമുള്ള താഴ്വാരത്തിലെ ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങളിൽ ഇടിച്ചു.
കാർ പിന്നോട്ടെടുത്ത് പോരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ തങ്ങൾ കാർ ഉപേക്ഷിച്ച് ഓടിയെന്ന് മുറിയിൽ മടങ്ങിയെത്തിയ സുഹൃത്ത് അറിയിച്ചു. അനന്തുവിനെ പിന്നീട് കണ്ടില്ലെന്നും സുഹൃത്ത് മൊഴി നൽകി.
കൂട്ടുകാരെ അന്തിക്കാട് പൊലീസ് ചോദ്യം ചെയ്തെങ്കിലും തുമ്പുണ്ടാക്കാനായില്ല. അപകടത്തിൽ തകർന്ന വാഹനങ്ങളുടെ ഉടമകൾക്ക് അനന്തുവിന്റെ കുടുംബം 1,60,000 രൂപ നഷ്ടപരിഹാരം നൽകിയിരുന്നു.
ഒരുപക്ഷേ, വാഹനം കേടുവരുത്തിയതിൽ പ്രകോപിച്ച് ഇവരിൽ ആരെങ്കിലും അനന്തുവിനെ തടഞ്ഞുവെച്ചിരുന്നതായി കുടുംബം സംശയിച്ചിരുന്നു. എന്നാൽ, ഇവരെ ചോദ്യംചെയ്ത പൊലീസ് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. കേസന്വേഷിക്കാനായി ഒരുതവണ അന്തിക്കാട് പൊലീസ് കൊടൈക്കനാലിൽ പോയിരുന്നു.
തിരോധാനം മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ രണ്ടുമാസത്തോളം അന്വേഷണം തകൃതിയായി നടന്നു. പിന്നീട് പൊലീസ് അലംഭാവം കാട്ടിയെന്നാണ് കുടുംബം ആരോപിക്കുന്നത്. അനന്തുവിന്റെ കാര്യത്തിൽ എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുകയാണ് അമ്മ ബിന്ദുവും സഹോദരൻ അഭിനന്ദും അമ്മൂമ്മ ലക്ഷ്മിയും. അനന്തുവിന്റെ അച്ഛൻ വിനോദ് ഖത്തറിൽ ജോലി ചെയ്യുകയാണ്.
അന്തിക്കാട് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റി ഉണ്ടാക്കുകയാണെന്ന് നാട്ടുകാരനും ഇവരുടെ ബന്ധുവും കൂടിയായ ധനേഷ് മഠത്തിപ്പറമ്പിൽ പറഞ്ഞു. പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി അടക്കമുള്ളവർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

