തകർത്തത് യുവ സംരംഭകരുടെ ‘നൂറു ഡിഗ്രി’ പ്രതീക്ഷ
text_fieldsമറിച്ചിട്ട 100 ഡിഗ്രി ‘ഫുട്കാർട്ടി’നരികെ ജിന്നിതോമസും
അജിത് കെ. സിറിയക്കും
തൃശൂർ: കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ജിന്നി തോമസിനും സുഹൃത്ത് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അജിത് കെ. സിറിയകിനും ജീവിതത്തിൽ വെല്ലുവിളികൾ പുത്തരിയല്ല. അതുകൊണ്ടാണ് ഉപജീവനമാർഗമായിരുന്ന തൃശൂർ വടക്കേ സ്റ്റാൻഡ് വടക്കേച്ചിറക്കടുത്ത 100 ഡിഗ്രി എന്ന് പേരുള്ള ‘ഫുഡ് കാർട്ട്’ സാമൂഹിക ദ്രോഹികൾ തകർത്തപ്പോൾ തളരാതെ നിന്ന് പുഞ്ചിരിക്കാനാകുന്നത്.
വിദേശങ്ങളിൽ കാണുന്നപോലെ ടി.വി ഉൾപ്പെടെ ഉള്ള ആധുനിക സജ്ജീകരണങ്ങളോടെയുള്ള തട്ടുകട; അതായിരുന്നു 100 ഡിഗ്രി ഫുഡ് കാർട്ട്. അതിൽ കെട്ടിപ്പടുത്ത രണ്ട് യുവാക്കളുടെ പ്രതീക്ഷകളായിരുന്നു 14ന് പുലർച്ച സാമൂഹിക ദ്രോഹികൾ നശിപ്പിച്ചത്.
2016ലായിരുന്നു ജിന്നി ആലുവ തിരുവാലൂരിൽ 100 ഇവന്റ്സ് ആൻഡ് കാറ്ററിങ് സ്ഥാപനം തുടങ്ങിയത്. സ്ഥാപനം പച്ചപിടിച്ചുവരുമ്പോൾ 2018ൽ വെള്ളപ്പൊക്കം വില്ലനായി. പിന്നീട് 100 ബേക്കേഴ്സ് തുടങ്ങി.
അതിലും നിരാശ നേരിട്ടപ്പോഴായിരുന്നു അജിത് സിറിയക് ഗൾഫിലെ ഫുഡ്കാർട്ട് സംവിധാനത്തെക്കുറിച്ച് പങ്കുവെച്ചതും ഇരുവരും ചേർന്ന് അത് തുടങ്ങിയതും. പെരിങ്ങാവ് തുടങ്ങിയ സ്ഥാപനം പിന്നീട് വടക്കേച്ചിറക്കടുത്തേക്ക് പറിച്ചുനടുകയായിരുന്നു. കട തകർത്തത് സംബന്ധിച്ച് ജിന്നി തോമസ് ഈസ്റ്റ് പൊലീസിൽ പരാതിനൽകി.
രണ്ട് കാമേഷ്യൽ സ്റ്റൗ, ഗ്രിഡിൽ, ബെയ്ൻ മാരി, ഡീപ് ഫ്രയർ, ടെലിവിഷൻ തുടങ്ങി നിരവധി സാധനങ്ങൾ നശിച്ചിട്ടുണ്ട്. നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് പരാതിയിൽ പറയുന്നു. അത്യാധുനിക സംവിധാനങ്ങളോടെ വൻ ഭാരമുള്ള ഫുഡ് കാർട്ട് മറിച്ചിടാൻ രണ്ടോ മൂന്നോ പേർ ഉണ്ടെങ്കിലേ സാധിക്കൂവെന്ന് ഇവർ പറയുന്നു. ഫെബ്രുവരിയിൽ വടക്കേച്ചിറയിൽ കട ഇടുന്നതുമായി ബന്ധപ്പെട്ട് ചിലരുമായി തർക്കം നിലനിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

