പുള്ള് കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞു; വെള്ളപ്പൊക്ക ഭീഷണി
text_fieldsപുള്ള് പാലത്തിന് സമീപം ഇറിഗേഷൻ കനാലിൽ കുളവാഴയും ചണ്ടിയും നിറഞ്ഞപ്പോൾ
അരിമ്പൂർ: പുള്ള് ഇറിഗേഷൻ കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞ് വെള്ളത്തിന്റെ ഒഴുക്കുനിലച്ചതോടെ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിൽ.
കലക്ടറുടെ ഉത്തരവ് പ്രകാരം എല്ലാ സ്ലൂയിസുകളും തുറന്നിടാൻ പാടശേഖര സമിതികൾ തയാറായെങ്കിലും ഇറിഗേഷൻ വകുപ്പ് പുറം കനാലിലെ ചണ്ടി നീക്കുന്നതിന് നടപടി എടുക്കാതിരുന്നതാണ് വെള്ളപ്പൊക്ക ഭീഷണിക്ക് കാരണമെന്ന് കർഷകർ പറയുന്നു. മഴ ശക്തിപ്രാപിക്കുന്നതോടെ ഒഴുക്കുനിലച്ച ഇറിഗേഷൻ കനാലിൽ നിന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന വെള്ളം ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാക്കാനും വീടുകളിൽ വെള്ളം കയറാനും കാരണമാകും.
കഴിഞ്ഞതവണയും കുളവാഴ നിറഞ്ഞതോടെ കാഞ്ഞാണി, അന്തിക്കാട് മേഖലയിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായിരുന്നു.നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് ചണ്ടി നീക്കിയത്. ഇറിഗേഷൻ കനാലിൽനിന്ന് മനക്കൊടി റോഡ് കരകവിഞ്ഞ് വാരിയം കോൾപടവിലേക്ക് ഒഴുകിയെത്തുന്ന വെള്ളം മനക്കൊടി തെക്കുംമുറി ഭാഗത്തെയും കൃഷ്ണൻകോട്ട പാടശേഖരത്തിന് സമീപത്തെ അംബേദ്കർ നഗറിലെയും വീടുകളിലേക്ക് വെള്ളം കയറാനും കാരണമാകും.
ഇറിഗേഷൻ വകുപ്പ് അടിയന്തരമായി ഇടപെട്ട് ചണ്ടിയും കുളവാഴയും നീക്കം ചെയ്ത് വെള്ളം കടലിലേക്ക് ഒഴുകിപോകുന്നതിന് സാഹചര്യം ഉണ്ടാക്കണമെന്ന് അരിമ്പൂർ പഞ്ചായത്ത് കാർഷിക വികസന സമിതി ചെയർമാനും വാർഡ് അംഗവുമായ കെ. രാഗേഷ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

