വിശ്വസിച്ചാലും ഇല്ലെങ്കിലും ആ ബോർഡ് പറന്നത് മൂന്ന് കിലോമീറ്റർ !
text_fields1)പോനിശ്ശേരി അബ്ദുൽ മനാഫിന്റെ വീട്ടുമുറ്റത്ത് വീണ ബോർഡ് 2) ബോര്‍ഡ് പറന്നുപോകുന്നത് മൊബൈലില്‍ പകര്‍ത്തിയപ്പോൾ
പെരിഞ്ഞനം: ശക്തമായ കാറ്റിൽ സ്ഥാപനത്തിന്റെ ഫ്ലക്സ് ബോർഡ് പറന്നത് മൂന്നു കിലോമീറ്റർ. സംഗതി വിശ്വസിക്കാൻ അൽപം പ്രയാസം കാണുമെങ്കിലും അതാണ് സത്യം. കഴിഞ്ഞ ഞായറാഴ്ച പെരിഞ്ഞനത്താണ് സംഭവം. പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ജാം ഹെയർ സ്റ്റുഡിയോ എന്ന സ്ഥാപനത്തിന്റെ ബോർഡാണ് ചുഴലിക്കാറ്റിൽ ഉയർന്നുപൊങ്ങി മൂന്ന് കിലോമീറ്റർ പറന്ന് ചക്കരപ്പാടത്തെത്തിയത്. ചക്കരപ്പാടം പോനിശ്ശേരി അബ്ദുൽ മനാഫിന്റെ വീട്ടുപറമ്പിലാണ് ബോർഡ് വീണത്.
ഉച്ചക്ക് രണ്ടരയോടെ പറമ്പില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് മനാഫിന്റെ വീട്ടുകാര്‍ പുറത്തുവന്ന് നോക്കിയത്. ആരോ പറമ്പില്‍ ഉപേക്ഷിച്ചതാണെന്നാണ് ആദ്യം കരുതിയത്. തുടര്‍ന്ന് ബോര്‍ഡിലെ ഫോണ്‍ നമ്പറില്‍ ഉടമയെ വിളിച്ചു. സ്ഥാപന ഉടമ അഷ്ഫാക്ക് തന്റെ കടയുടെ ബോർഡാണെന്ന് സ്ഥിരീകരിച്ചു. ഈ സ്ഥാപനത്തിന്റെ തൊട്ടടുത്ത മറ്റൊരു കടയുടെ ബോര്‍ഡും പറന്നുപോയിരുന്നു. രണ്ട് ബോര്‍ഡുകളിൽ ഒന്ന് തൊട്ടടുത്ത സ്ഥലത്തുനിന്ന് കിട്ടി. മറ്റേത് അന്വേഷിക്കുന്നതിനിടയിലാണ് മനാഫിന്റെ വീട്ടുകാരുടെ ഫോൺ വിളി വരുന്നത്. എന്നാൽ, പത്തടി നീളവും നാലടി വീതിയുമുള്ള ബോർഡ് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചതെങ്ങനെയെന്ന ചോദ്യത്തിന് കടയുടമക്കും വീട്ടുകാർക്കും ഉത്തരമുണ്ടായിരുന്നില്ല.
ആ ഉത്തരം തന്നത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ ആണ്. ശക്തമായ മഴയും കാറ്റുമുള്ള സമയത്ത് ചക്കരപ്പാടം ഹാർമണി ഓഡിറ്റോറിയത്തിന് മുന്നിൽ നിൽക്കുകയായിരുന്ന ചക്കരപ്പാടം സ്വദേശി ചുള്ളിപ്പറമ്പിൽ ഷെജീബ് ആകാശത്ത് എന്തോ പറക്കുന്നതായി ശ്രദ്ധയിൽപെട്ടതോടെ ആ ദൃശ്യം തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കാര്യം മനസ്സിലാകാതെ പലരും വിഡിയോ പങ്കുവെച്ചു. പിന്നീടാണ് സത്യാവസ്ഥ പുറത്തുവന്നത്. ഇത്ര ദൂരം പറന്നെങ്കിലും ബോര്‍ഡിന് യാതൊരു കേടും പറ്റിയിട്ടില്ലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

