കുടിവെള്ളമില്ലാതെ അഞ്ച് മാസം;വോട്ട് ബഹിഷ്കരിച്ച് ചെന്ത്രാപ്പിന്നിയിലെ 60 കുടുംബങ്ങൾ
text_fieldsകുടിവെള്ള വിതരണ പൈപ്പ് നന്നാക്കാൻ ദേശീയപാതക്ക് സമീപം എടുത്ത വലിയ കുഴി
ചെന്ത്രാപ്പിന്നി: ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് അഞ്ച് മാസമായതോടെ ദുരിതത്തിലായിരിക്കുകയാണ് ചെന്ത്രാപ്പിന്നിയിലെ അറുപതിലധികം കുടുംബങ്ങൾ. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ലാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വോട്ട് ബഹിഷ്കരിച്ചു.
എടത്തിരുത്തി പഞ്ചായത്ത് പത്താം വാർഡ് നേതാജി റോഡ് പരിസരത്തെ വീടുകളിലേക്കുള്ള കുടിവെളള വിതരണമാണ് മുടങ്ങിയത്. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി പ്രകാരമാണ് ഈ മേഖലയിൽ കുടിവെള്ളമെത്തിക്കുന്നത്.
ചെന്ത്രാപ്പിന്നിയിൽ ദേശീയ പാതയോരത്ത് 200 എം.എം വിതരണ പൈപ്പ് പൊട്ടിയതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം.
അഞ്ച് മാസം മുമ്പ് പൊട്ടിയ പൈപ്പ് രണ്ട് തവണ കരാറുകാരെത്തി ചോർച്ചയടച്ചിരുന്നു. എന്നാൽ വെള്ളം പമ്പ് ചെയ്യുന്നതോടെ വീണ്ടും പൈപ്പ് പൊട്ടുകയായിരുന്നു. ഇതോടെയാണ് പ്രദേശത്തെ അറുപതോളം വീടുകളിലെ കുടിവെള്ളം മുട്ടിയത്. കുടിവെള്ളമില്ലാതായതോടെ പഞ്ചായത്തിനു കീഴിലെ വാട്ടർ കിയോസ് കുകളിൽ നിന്നും ബന്ധുവീടുകളിൽ നിന്നും മറ്റുമാണ് പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. അഞ്ച് മാസമായിട്ടും പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ വോട്ട് ബഹിഷ്കരിച്ചത്.
പൊട്ടിയ പൈപ്പ് നന്നാക്കാൻ ദേശീയ പാതയോരത്ത് കുളം കണക്കെ എടുത്ത കുഴി ഇപ്പോൾ അപകട ഭീഷണി ഉയർത്തുന്നുമുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇവിടെ സമീപത്തെ കാനയിലൂടെ ഒഴുകി പാഴാകുന്നത്. എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ജല അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചെങ്കിലും വേണ്ട വിധം പരിഗണിച്ചില്ലെന്ന് വാർഡ് അംഗം ഉമറുൽ ഫാറൂഖ് പറഞ്ഞു. എത്രയും പെട്ടെന്ന് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

