കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ആറ് ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കി
text_fieldsതൃശൂർ/ കുന്നംകുളം: വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കെ.എസ്.ആർ.ടി.സി ബസടക്കം 73 വാഹനങ്ങൾക്കെതിരെ നടപടി.
തൃശൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കുന്നംകുളം, തൃശൂർ എന്നിവിടങ്ങളിലായി അഞ്ച് സ്ക്വാഡുകളിലായി നടത്തിയ പരിശോധനയിലായിരുന്നു നടപടി. പ്രത്യേക പരിശോധനയിൽ സ്പീഡ് ഗവേണർ വിച്ഛേദിച്ച് സർവിസ് നടത്തിയ ആറ് വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു.
സ്പീഡ് ഗവേണർ ഘടിപ്പിക്കാത്ത കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ആറ് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടിയും സ്വീകരിച്ചു. നിരോധിത എയർ ഹോൺ ഘടിപ്പിച്ച 23 വാഹനങ്ങൾക്കെതിരെയും നികുതി അടയ്ക്കാതെ സർവിസ് നടത്തിവന്നിരുന്ന നാല് വാഹനങ്ങൾ ക്കെതിരെയും നടപടിയെടുത്തു.
ജില്ലയിലെ രണ്ടിടത്ത് നടത്തിയ പരിശോധനയിൽ 73 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 52,000 രൂപ പിഴയിനത്തിൽ ഇൗടാക്കുകയും ചെയ്തു. കുന്നംകുളം ബസ് ടെർമിനലിൽ നടത്തിയ പരിശോധനയിലാണ് കെ.എസ്.ആർ.ടി.സി പിടിയിലായത്.
കണ്ണൂരിൽനിന്ന് അടിമാലിയിലേക്ക് സർവിസ് നടത്തിയിരുന്ന നെടുങ്കണ്ടം ഡിപ്പോയിലെ ബസാണ് പിടികൂടിയത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയതോടെ കുന്നംകുളത്ത് വെച്ച് സർവിസ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിട്ടു.
പരിശോധനയിൽ തൃശൂർ എൻഫോഴ്സ്മെന്റിൽ നിന്നുള്ള മൂന്ന് സ്ക്വാഡുകളും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണറുടെ പരിശോധന സംഘവും ഗുരുവായൂർ സബ് ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. രാവിലെ എട്ട് മുതൽ അഞ്ച് വരെ തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

