തൊഴിലുറപ്പിൽ ഒരുക്കി കളിക്കളങ്ങൾ
text_fieldsപഴഞ്ഞി ഹൈസ്കൂൾ ഗ്രൗണ്ടിൽ രാജ്യാന്തര നിലവാരത്തിൽ നിർമിച്ച വോളിബാൾ കോർട്ട്
പഴഞ്ഞി: തൊഴിലുറപ്പ് പദ്ധതിയിലൂടെ ജില്ലയിലെ ആദ്യത്തെ വോളിബാൾ കോർട്ട് നിർമിച്ചു. കാട്ടകാമ്പാൽ പഞ്ചായത്തിലെ പഴഞ്ഞി ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ഫ്ലഡ് ലൈറ്റ് സൗകര്യത്തോടെ അന്താരാഷ്ട്ര നിലവാരത്തിൽ പണിതത്. 388 തൊഴിൽ ദിനങ്ങൾ ഉപയോഗപ്പെടുത്തി 70 തൊഴിലാളികളെ കൊണ്ടാണ് അഞ്ച് ലക്ഷം രൂപ ചിലവിൽ മൈതാനം ഒരുക്കിയത്.
കുട്ടികൾക്ക് കളിക്കാൻ മൺകോർട്ട് നിർമിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലുറപ്പ് തൊഴിലാളികൾ മുഖേന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചത്. 45 സെന്റിമീറ്റർ ആഴത്തിൽ ആദ്യ മണ്ണെടുത്തു. ഇതിൽ ഇഷ്ടിക കഷ്ണങ്ങളും ഓടും നിരത്തി. ഇതിന് മുകളിൽ മണ്ണും ഏറ്റവും മുകളിൽ അരിച്ചെടുത്ത മണ്ണും നിർത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. കളിക്കളത്തിൽനിന്ന് പന്ത് പുറത്തുപോകാതിരിക്കാൻ 19 മീറ്റർ ഉയരത്തിൽ ചുറ്റും ഇരുമ്പുവലയും കെട്ടി.
പഞ്ചായത്ത് അനുവദിച്ച ഒരുലക്ഷം രൂപക്ക് കോർട്ടിൽ 12 ഫ്ലഡ് ലൈറ്റുകളും സ്ഥാപിച്ചതോടെ രാജ്യാന്തര നിലവാരമുള്ളതായി ഉയർന്നു. കായിക അധ്യാപകരുടെയും വോളിബാൾ താരങ്ങളുടേയും നിർദേശങ്ങളും കൂടി പരിഗണിച്ചാണ് നിർമാണം. ഒമ്പതാം വാർഡിലെ ഹൈസ്കൂൾ ഗ്രൗണ്ടിലാണ് വോളിബാൾ കോർട്ട്. ആറാം വാർഡിൽ ഉൾപ്പെടുന്ന സ്കൂളിൽ കബഡി കോർട്ടും തൊഴിലുറപ്പ് തൊഴിലാളികളാൽ നിർമിച്ചിട്ടുണ്ട്.
ദേശീയ കബഡി താരങ്ങളെ വളർത്തിയെടുത്ത പഴഞ്ഞി ഹൈസ്കൂളിന് തുടർന്നും ഭാവിതലമുറക്ക് ഈ അവസരം ഉപയോഗിക്കാനാണ് അത്യാധുനിക നിലവാരത്തിൽ കോർട്ട് ഒരുക്കിയത്. വാർഡ് അംഗങ്ങളായ കെ.ടി. ഷാജൻ, ബബിത ഫിലോ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഇരുകോർട്ടുകളും വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. അഞ്ചിന് എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

