‘അതിദരിദ്രരില്ലാത്ത തൃശൂരി’ന് പ്രഥമ പരിഗണന -ജില്ല പഞ്ചായത്ത് പ്രസിഡന്റ്
text_fieldsതൃശൂർ: ‘അതിദരിദ്രരില്ലാത്ത തൃശൂർ’ യാഥാർഥ്യമാക്കാനാണ് പ്രഥമ പരിഗണന നൽകുകയെന്നും ഇതിനായി ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സംയോജിത പദ്ധതി തയാറാക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റായി കഴിഞ്ഞ ദിവസം ചുമതലയേറ്റ വി.എസ്. പ്രിൻസ് പറഞ്ഞു. തൃശൂർ പ്രസ് ക്ലബിന്റെ ‘മുഖാമുഖം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി ധാരണപ്രകാരം സി.പി.എം പ്രതിനിധി പി.കെ. ഡേവിസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് സി.പി.ഐ പ്രതിനിധിയായ പ്രിൻസ് ചുമതലയേറ്റത്.
ഭരണത്തുടർച്ച എന്ന നിലക്ക് മാതൃകാ പദ്ധതികളെല്ലാം തുടരും. സർക്കാരിന്റെ സ്വപ്ന പദ്ധതികൾക്കും പ്രാമുഖ്യം നൽകും. ‘കാൻ തൃശൂർ’ എന്ന ജില്ല പഞ്ചായത്തിന്റെ കാൻസർ പ്രതിരോധ പരിപാടിയിൽ ഈ സാമ്പത്തിക വർഷം ഇതുവരെ 28,412 പേരെ പരിശോധിച്ചു. 46 പേർക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. അതിൽ 45ഉം ചികിത്സിച്ച് ഭേദമാക്കാവുന്ന പ്രാഥമിക ഘട്ടത്തിലാണ്.
ഇതുൾപ്പെടെ ആരോഗ്യ മേഖലയിൽ നല്ല ഇടപെടലുണ്ടാകും. പൊതുവിദ്യാലയങ്ങളിലെ ഭൗതിക, അക്കാദമി സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ നിലവിലുള്ള ‘സമേതം’ മുന്നോട്ട് കൊണ്ടുപോകും. കാർഷിക രംഗത്ത്, കൂടുതൽ തരിശുനിലം കൃഷിയുക്തമാക്കണമെന്ന് ഉദ്ദേശിക്കുന്നു. 86 പഞ്ചായത്തിലും വനിത ഫിറ്റ്നസ് സെന്റർ തുടങ്ങിയിട്ടുണ്ട്. ഇനി പഞ്ചായത്തിൽ ഒന്നിലധികം സെന്റർ എന്നതാണ് ലക്ഷ്യം.
പദ്ധതിവിഹിത വിനിയോഗത്തിൽ ഇപ്പോൾ ജില്ല എട്ടാം സ്ഥാനത്താണ്. സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ അഞ്ചാം സ്ഥാനത്തെങ്കിലും എത്തിക്കാനാണ് ശ്രമം. ഫണ്ടിന്റെ അഭാവമാണ് പല പദ്ധതികൾക്കും വിഘാതമാവുന്നത്. കേന്ദ്ര ധനകാര്യ കമീഷൻ ജില്ല പഞ്ചായത്തുകൾക്ക് നേരിട്ട് തരുന്ന ഫണ്ടിലും കുറവ് വന്നിട്ടുണ്ട്.
വള്ളത്തോൾ നഗറിൽ ജില്ല പഞ്ചായത്തിന്റെ ‘ഷീ ലോഡ്ജ്’ മാർച്ചോടെ തുറന്നു കൊടുക്കും. നഗരത്തിൽ ഷീ ലോഡ്ജുകൾ തുറക്കാൻ ജില്ല ആസൂത്രണ സമിതി അധ്യക്ഷനെന്ന നിലയിൽ കോർപറേഷനുമായി ചർച്ച ചെയ്ത് ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധികയും സെക്രട്ടറി പോൾ മാത്യുവും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

