അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ പരാജയപ്പെട്ടു; സി.ഐയും പൊലീസുകാരനും മുങ്ങിയെടുത്തു
text_fieldsകുളത്തിൽനിന്ന് മുങ്ങി കണ്ടെടുത്ത കത്തിയുമായി
കരക്ക് കയറുന്ന പൊലീസ് ഉദ്യാഗസ്ഥർ
അരിമ്പൂർ: കൊലക്ക് ഉപയോഗിച്ച് കുളത്തിൽ വലിച്ചെറിഞ്ഞ തൊണ്ടി മുതലായ വെട്ടുകത്തിയും കത്തിയും കണ്ടെടുക്കാൻ ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ധർ പരാജയപ്പെട്ടിടത്ത് സി.ഐയും പൊലീസുകാരനും കുളത്തിൽ ഇറങ്ങി കണ്ടെടുത്തു. അരിമ്പൂരിൽ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച തമിഴ്നാട് സ്വദേശി ആദിത്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കുത്തിയ ആയുധം കണ്ടെത്താൻ കുളത്തിൽ പരിശോധന നടത്തിയത്.
ആദിത്യനെ കുത്തി കൊലപ്പെടുത്തിയ പ്രതികൾ മാരകായുധങ്ങൾ സമീപത്തെ കുളത്തിലേക്ക് വലിച്ചെറിഞ്ഞെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു. അപേക്ഷ നൽകിയ അന്തിക്കാട് പൊലീസിന് പ്രതികളായ ദാമോദരനേയും ഷൺമുഖനെയും കോടതിയിൽനിന്ന് വാങ്ങിയിരുന്നു.
പ്രതികളുമായി ഞായറാഴ്ച രാവിലെ തെളിവെടുപ്പ് നടത്തുകയുമായിരുന്നു. പ്രതികൾ പറഞ്ഞപ്രകാരം പരിസരത്തെ കുളത്തിൽ തൊണ്ടി മുതലിനായി ഫയർഫോഴ്സ് മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തി. ഉച്ചവരെ നടത്തിയിട്ടും തൊണ്ടിമുതൽ കണ്ടെത്താൻ സാധിക്കാതെ മടങ്ങുകയും ചെയ്തു.
ഇതോടെ ഉച്ചക്കുശേഷം അന്തിക്കാട് സി.ഐ പി.കെ. ദാസ്, സി.പി.ഒ. സുർജിത് ഉൾനാടൻ മത്സ്യതൊഴിലാളികളയ അമ്പലത്തു കുട്ടന്റെ മക്കൾ സന്തോഷും കണ്ണനും കൂടി കുളത്തിൽ ഇറങ്ങി മുങ്ങി തിരച്ചിൽ നടത്തി. തുടർന്നാണ് തൊണ്ടി മുതലായ വെട്ടുകത്തിയും കത്തിയും കണ്ടെടുക്കാൻ കഴിഞ്ഞത്. കഴിഞ്ഞമാസം 17നാണ് വീട്ടിൽ നാലുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. പ്രതികളെ തമിഴ്നാട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.