റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഏരിയയിലെ തീപിടിത്തം; നഷ്ടപരിഹാരം വേഗത്തിലാക്കണം -കലക്ടർ
text_fieldsതൃശൂർ: തൃശൂർ റെയില്‍വേസ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കത്തിനശിച്ച വാഹനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ജില്ല കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍ദേശം നല്‍കി.
ജില്ലയിലെ വേനല്‍ക്കാലത്തെ തീപിടിത്തങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ജില്ല ദുരന്തനിവാരണ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
നഷ്ടപരിഹാരം നല്‍കുന്നതിനുള്ള എല്ലാ നടപടികളും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി. തൃശൂർ റെയില്‍വേ സ്റ്റേഷനിലെ ഇരുചക്ര വാഹന പാര്‍ക്കിങ് ഏരിയയില്‍ ജനുവരി നാലിനാണ് തീപിടിത്തമുണ്ടായത്.
ജില്ലയിലെ ഫയര്‍ഫോഴ്സ്, വനംവകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വേനല്‍ക്കാല മുന്നൊരുക്കത്തെക്കുറിച്ചും കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഫയര്‍ ഓഡിറ്റ് തുടങ്ങിയവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ജില്ലയിലെ ഫയര്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പ്രധാന ദുരന്തവിവരങ്ങള്‍ ഉടന്‍തന്നെ ഡി.ഇ.ഒ.സിയില്‍ അറിയിക്കണം.
കഠിനമായ വെയില്‍ സമയത്ത് തീ പിടിക്കുന്ന വസ്തുക്കള്‍ അലക്ഷ്യമായി കിടക്കാതെ ശ്രദ്ധിക്കണമെന്നും ജില്ല കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
കലക്ടറേറ്റ് എക്സിക്യുട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍ അഖില്‍ വി. മേനോന്‍, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ പ്രാണ്‍ സിങ്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് 24ന് ധർണ
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ 320 ഓളം ബൈക്കുകൾ കത്തിനശിച്ച സംഭവത്തിൽ ഉടമകൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ടൂ വീലർ യൂസേഴ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്. ശനിയാഴ്ച രാവിലെ 10ന് റെയിൽവേ സ്റ്റേഷന് മുന്നിൽ നടക്കുന്ന ധർണ കോർപറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് ഉദ്ഘാടനം ചെയ്യും.
കത്തിയ ബൈക്കുകളുടെ ഇൻഷുറൻസ് നടപടികൾ വേഗത്തിലാക്കാൻ വാഹനങ്ങളുടെ എൻജിൻ നമ്പറും ഉടമകളുടെ പേരുവിവരങ്ങളും റെയിൽവേ അടിയന്തരമായി പ്രസിദ്ധീകരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രീമിയം പാർക്കിങ് എന്ന പേരിൽ യാത്രക്കാരിൽനിന്ന് അമിത തുക ഈടാക്കുന്നത് അവസാനിപ്പിക്കുക, പാർക്കിങ് ഏരിയയിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ധർണയിൽ ഉന്നയിക്കും.
റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ പരിഹരിക്കണമെന്നും വാഹന ഉടമകളുടെ ആശങ്കയകറ്റണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജയിംസ് മുട്ടിക്കൽ, ജോണി പുല്ലോക്കാരൻ, സജി ആറ്റത്ര, കെ.സി. കാർത്തികേയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

