വെടിക്കെട്ട്: അപേക്ഷ നൽകുംമുമ്പേ പെസോ നിർദേശങ്ങൾ ഉറപ്പുവരുത്തണം
text_fieldsതൃശൂർ: പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വെടിക്കെട്ടിന് അനുമതി തേടി അപേക്ഷ സമർപ്പിക്കാവൂ എന്ന് നിർദേശം. പെസോയുടെ നിർദേശപ്രകാരം ജില്ല കലക്ടർ ദേവസ്വം ബോർഡുകൾക്കും ഉത്സവ സംഘാടകർക്കും നൽകിയ ഉത്തരവിലാണ് നിർദേശം.
ഉത്സവകാലമായതിനാൽ തുടർച്ചയായി കലക്ടറേറ്റുകളിലേക്ക് വെടിക്കെട്ടിന് അനുമതി തേടിയുള്ള അപേക്ഷകളുടെ പ്രവാഹമാണ്. പലപ്പോഴും സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാത്തത് പിന്നീട് പരിശോധനക്ക് ശേഷമാണ് അറിയുന്നത്. ഇതോടെ പരിപാടിയുടെ തലേദിവസം പോലും അനുമതിയുമായി ബന്ധപ്പെട്ട് തീർപ്പെടുക്കാൻ കഴിയുന്നില്ല.
കഴിഞ്ഞദിവസം തൃശൂരിൽ ഒല്ലൂർ പള്ളി പെരുന്നാളുമായി ബന്ധപ്പെട്ട് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ സൗകര്യമില്ലെന്ന് പൊലീസും അഗ്നിരക്ഷ സേനയും റവന്യൂ വകുപ്പും പരിശോധന നടത്തി റിപ്പോർട്ട് ചെയ്തിരുന്നു. ഹൈകോടതിയെ സമീപിച്ചാണ് പിന്നീട് ഇതിൽ അനുകൂല വിധി തേടിയത്. നേരത്തേ ആവശ്യപ്പെട്ടതിലും കുറവ് മാത്രം അളവിൽ പൊട്ടിക്കാനാണ് കോടതി അനുമതി നൽകിയത്.
പുറ്റിങ്ങൽ വെടിക്കെട്ടിന് ശേഷം സംസ്ഥാനത്ത് വെടിക്കെട്ട് പ്രദർശനങ്ങൾക്ക് പെസോയുടെ മാർഗനിർദേശങ്ങൾ കർശനമാക്കിയിരുന്നു. ഇതേ തുടർന്ന് തൃശൂർ പൂരം അടക്കമുള്ളവക്ക് വെടിക്കെട്ട് അടക്കമുള്ളവക്ക് കടുത്ത നിയന്ത്രണ നിർദേശങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സ്വന്തമായി സ്ഥിരം വെടിക്കെട്ട് മാഗസിനും അടിയന്തര സുരക്ഷാ ക്രമീകരണമടക്കം തൃശൂർ പൂരത്തിനുണ്ട്. എന്നിട്ടും പെസോയുടെ കർശന നിരീക്ഷണവും നിയന്ത്രണവുമുള്ളത് പൂരം വെടിക്കെട്ട് പലപ്പോഴും പ്രതിസന്ധിയാണ്. ഇതിനിടയിലാണ് സുരക്ഷ ക്രമീകരണങ്ങളൊന്നുമില്ലാതെ വെടിക്കെട്ട് അനുമതി തേടി ഉത്സവ സംഘാടകർ എത്തുന്നത്.
അപേക്ഷ ലഭിച്ചതിന് ശേഷം സുരക്ഷ ക്രമീകരണങ്ങൾ പരിശോധിക്കുകയും പെസോ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ നിർദേശിക്കുകയും പിന്നീട് വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തി വേണം അനുമതി നൽകാൻ. ഈ വൈകൽ ഒഴിവാക്കാനാണ് അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തന്നെ പെസോ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചുവെന്ന് ഉറപ്പുവരുത്താൻ കലക്ടറുടെ നിർദേശം.
ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളെ അംഗീകരിച്ചുകൊണ്ടുള്ള ‘പെസോ’യുടെ സാക്ഷ്യപത്രം, വെടിക്കെട്ട് നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനു സമീപം സ്ഥിരം ഷെഡ്, അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പദ്ധതികൾ ഉൾപ്പെട്ട ‘ഓൺ സൈറ്റ് എമർജൻസി പ്ലാൻ’ തുടങ്ങിയവ അടക്കമുള്ളവ നിർദേശങ്ങളിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

