റെയിൽവേ സ്റ്റേഷനിലെ തീപിടിത്തം; 150 ഓളം വാഹന ഉടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചു
text_fieldsതൃശൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തീപിടിത്തത്തിൽ നിന്നും
തൃശൂർ: ജനുവരി നാലിന് തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ കത്തിനശിച്ച ഇരുചക്ര വാഹനങ്ങളുടെ ഉടമകൾക്ക് നഷ്ടപരിഹാരം ലഭിച്ച് തുടങ്ങി. തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമുള്ള 150 ഓളം പേർക്കാണ് തുക ലഭിച്ചത്. ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ നിരന്തര ഇടപെടലുകളെ തുടർന്നാണ് നടപടി. തീപിടിത്തത്തിൽ 323 ഇരുചക്ര വാഹനങ്ങളാണ് പൂർണമായും കത്തിനശിച്ചത്. ഇതിൽ അമ്പതോളം വാഹനങ്ങൾക്ക് മാത്രമാണ് കോംപ്രിഹെൻസീവ് (ഫുൾ കവറേജ്) ഇൻഷുറൻസുണ്ടായിരുന്നത്. ബാക്കിയുള്ളവക്ക് തേഡ് പാർട്ടി ഇൻഷുറൻസ് മാത്രമായിരുന്നതിനാൽ ഇൻഷുറൻസ് കമ്പനികളിൽനിന്ന് നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യമായിരുന്നു. അപകടത്തിന് പിന്നാലെ സുരക്ഷ വീഴ്ചയിൽ റെയിൽവേയും കരാറുകാരനും പഴിചാരി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനും ശ്രമിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ടു വീലർ യൂസേഴ്സ് അസോസിയേഷൻ വിഷയം ഏറ്റെടുത്തത്. അസോസിയേഷന്റെ നേതൃത്വത്തിൽ വാഹന ഉടമകളുടെ യോഗം ചേരുകയും റെയിൽവേ സ്റ്റേഷന് മുന്നിൽ സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. സുരക്ഷ വീഴ്ചകൾ അക്കമിട്ട് നിരത്തി സ്റ്റേഷൻ മാസ്റ്റർ, ഡിവിഷനൽ മാനേജർ എന്നിവർ മുതൽ പ്രധാനമന്ത്രി വരെയുള്ളവർക്ക് നിവേദനം നൽകി. വിവരാവകാശ നിയമപ്രകാരവും വിവരങ്ങൾ ശേഖരിച്ചു. ജില്ല കലക്ടറുടെ പിന്തുണ കൂടി ലഭിച്ചതോടെയാണ് തേഡ് പാർട്ടി ഇൻഷുറൻസുള്ളവർക്കും കരാറുകാരൻ മുഖേന നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്.
ഫുൾ കവറേജുള്ള അമ്പതോളം വാഹനങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ തുക നൽകും. ബാക്കിയുള്ളവക്കാണ് നിലവിൽ കരാറുകാരൻ വഴി നഷ്ടപരിഹാരം വിതരണം ചെയ്യുന്നത്. ആർ.സി ബുക്ക് പരിശോധിച്ച് വാഹനത്തിന്റെ പഴക്കം കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. 10,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിച്ചവരുണ്ട്. നഷ്ടപരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന പലർക്കും തുക വിതരണം ചെയ്യുന്ന വിവരം അറിയില്ല. ഇവർക്കും ലഭിച്ച തുകയിൽ തൃപ്തിയില്ലാത്തതിനാൽ നിയമനടപടികൾ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും അസോസിയേഷനുമായി ബന്ധപ്പെടാമെന്ന് ടു വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ അറിയിച്ചു. ഫോൺ: 9447614630.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

