നിറങ്ങളിൽ പൂക്കുന്ന പെൺകരുത്ത്; ലളിതകലാ അക്കാദമിയിൽ ശ്രദ്ധേയമായി ‘ചിത്രത 2025’
text_fieldsതൃശൂർ ലളിത കലാ അക്കാദമിയിൽ ചിത്രകലാപരിഷത്ത് സംഘടിപ്പിച്ച ‘100 വനിതകൾ 100 ചിത്രങ്ങൾ’എന്ന പ്രദർശനത്തിൽനിന്ന്
തൃശൂർ: ജീവിതത്തിന്റെ പലവഴികളിൽ സഞ്ചരിക്കുമ്പോഴും ഉള്ളിലെ കലയെ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന 100 വനിതകൾ വരച്ച ചിത്രങ്ങളുടെ ഒത്തുചേരലായി ‘ചിത്രത 2025’. കേരള ചിത്രകല പരിഷത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ സംഘടിപ്പിച്ച ചിത്രപ്രദർശനം പെൺമയുടെ സർഗാത്മകതയുടെ നേർസാക്ഷ്യമാണ്. വിവിധ ജില്ലകളിൽ നിന്നുള്ള, പതിനേഴ് വയസ്സുകാരി മുതൽ 80 വയസ്സുള്ളവർ വരെ ഈ ചിത്രങ്ങൾക്ക് പിന്നിലുണ്ട്.
ഔദ്യോഗിക തിരക്കുകൾക്കും കുടുംബ ഉത്തരവാദിത്തങ്ങൾക്കും ഇടയിൽ കലക്കായി സമയം കണ്ടെത്തുന്ന ഉദ്യോഗസ്ഥരുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഒരുപാട് ഉണ്ട് പ്രദർശനത്തിൽ. അതിൽ എടുത്തു പറയേണ്ട ഒന്നാണ് ബാങ്ക് ഉദ്യോഗസ്ഥയായി വിരമിച്ച ശാന്തകുമാരിയുടെ അനുഭവം. ചിത്രരചന പഠിച്ചിട്ടില്ലാത്ത ശാന്തകുമാരിക്ക് വര വെറുമൊരു വിനോദമല്ല, മറിച്ച് അതൊരു ചികിത്സ കൂടിയാണ്. ‘റിട്ടയർമെന്റ് ജീവിതത്തിൽ രോഗങ്ങൾ വേട്ടയാടിയപ്പോൾ ഒരു തെറപ്പി പോലെയാണ് ഞാൻ വരയെ കണ്ടത്.
ഇപ്പോൾ അസുഖങ്ങൾക്കും ആശ്വാസമുണ്ട്’ശാന്തകുമാരി പറയുന്നു. അമ്മക്കിളി തന്റെ കുഞ്ഞുങ്ങൾക്ക് ചിറകിനടിയിൽ സംരക്ഷണം നൽകുന്ന ശാന്തകുമാരിയുടെ ചിത്രം പ്രദർശനത്തിൽ ശ്രദ്ധയാകർഷിക്കുന്നുണ്ട്. 1400ഓളം അംഗങ്ങളുള്ള സംഘടന, സ്ത്രീകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമാണ് കേരള ചിത്രകല പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജെയിംസ് ചിറ്റിലപ്പള്ളി പറഞ്ഞു. പ്രദർശനം ഡിസംബർ 5 വരെ നീണ്ടുനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

