കൊടുങ്ങയിൽ കര്‍ഷകര്‍ക്ക് കണ്ണീർ ബാക്കി; വിരിപ്പുകൃഷി മഴയില്‍ നശിച്ചു
text_fieldsവെള്ളിക്കുളങ്ങര: മറ്റത്തൂര്‍ കൃഷിഭവനിലെ കൊടുങ്ങ പാടശേഖരത്തില്‍ വിരിപ്പുകൃഷിയിറക്കിയ കര്‍ഷകര്‍ കണ്ണീരിലായി. തുടര്‍ച്ചയായി പെയ്ത മഴയില്‍ വെള്ളം കയറി കൃഷി പൂര്‍ണമായും നശിച്ചതാണ് ഇവിടത്തെ കര്‍ഷകരെ കണ്ണീരിലാക്കിയത്. 11 ഏക്കറോളം വരുന്ന കൊടുങ്ങ പാടശേഖരത്തില്‍ ഇത്തവണ പതിവിലും നേരത്തെയാണ് വിരിപ്പുകൃഷിയിറക്കിയത്.
ഉമ വിത്തുപയോഗിച്ചു ഞാറ്റടി തയാറാക്കി ഒറ്റ ഞാര്‍ സമ്പ്രദായത്തിലാണ് കൃഷിയിറക്കിയത്. ജൂണ്‍ പകുതിയോടെ ഞാറു നടീല്‍ പൂര്‍ത്തിയാക്കിയെങ്കിലും വൈകാതെ മഴ ശക്തമായി. ദിവസങ്ങളോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ വെള്ളിക്കുളം വലിയ തോടിന് സമീപത്തെ പാടശേഖരം മുങ്ങി. ദിവസങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്നതിനെ തുടര്‍ന്ന് ഓലചീഞ്ഞ് നെല്‍ച്ചെടികള്‍ വെള്ളത്തില്‍ വീണ് നശിച്ചിട്ടുണ്ട്. മഴയില്‍ കൃഷി നശിച്ചതിലൂടെ കര്‍ഷകർക്ക് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്.
വീണ്ടും കൃഷിയിറക്കിയാല്‍ കൊയ്ത്ത് വൈകാനും അടുത്ത വിളയായ മുണ്ടകന്‍ ഇറക്കാന്‍ തടസ്സം നേരിടാനും ഇടയുള്ളതിനാല്‍ ഇത്തവണത്തെ വിരിപ്പുകൃഷി മുഴുവന്‍ കര്‍ഷകരും ഉപേക്ഷിച്ചിരിക്കയാണെന്ന് പാടശേഖര സമിതി പ്രസിഡന്റ് പൗലോസ് പാറയ്ക്കല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

