മുണ്ടകൻ കൃഷി വൈകിയിട്ടും നടപടിയില്ല; വാളൂർ തോട് ശുചീകരിക്കാനിറങ്ങി കർഷകർ
text_fieldsഒഴുക്ക് നിലച്ച വാളൂർ തോട് കർഷകർ ശുചീകരിക്കുന്നു
കൊരട്ടി: നീരൊഴുക്ക് തടസ്സപ്പെട്ടതിനെതിരെ പരാതി നൽകിയിട്ടും അധികാരികൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വാളൂർതോട് ശുചീകരിക്കാൻ കർഷകർ രംഗത്തിറങ്ങി. കൊരട്ടിച്ചാലിന്റെ ഭാഗമായ വാളൂർ തോട്ടിലാണ് പ്രതിഷേധ ശുചീകരണം നടന്നത്. തോട്ടിലെ മാലിന്യങ്ങൾ നീക്കാത്തതിനാൽ നാളുകളായി വെള്ളക്കെട്ട് നിലനിൽക്കുകയാണ്. പാടത്തെ മുണ്ടകൻ കൃഷി മുടങ്ങി. മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ച് വെള്ളം ഒഴുക്കിവിടാൻ തയാറാവാത്ത അധികാരികളുടെ അനാസ്ഥയിൽ ഗതികെട്ടാണ് ഒടുവിൽ കർഷകർ സംഘടിച്ച് രംഗത്തിറങ്ങിയത്.
ഇടവിട്ട് പെയ്യുന്ന മഴയെ തുടർന്ന് കൊരട്ടിച്ചാൽ വാളൂർ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതിനാൽ ആയിരക്കണക്കിന് ഏക്കർ സ്ഥലം മുണ്ടകൻ നടീൽ നടത്താൻ കഴിയാതെ കർഷകർ പ്രതിസന്ധിയിലാണ്. തോട് ചണ്ടിയും പാഴ് ചെടികളും നിറഞ്ഞ നിലയിലാണ്. പലവട്ടം പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു.
ചെറുവാളൂർ, വെസ്റ്റ് കൊരട്ടി, കുലയിടം പാടശേഖര സമിതികളുടെ കീഴിലെ കർഷകരാണ് തോട്ടിലെ ചണ്ടിയും പാഴ്വസ്തുക്കളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാൻ ഇറങ്ങിയത്. ഇപ്പോൾ തന്നെ മുണ്ടകൻ കൃഷിയുടെ നടീൽ നടത്തേണ്ട സമയം ഒരുമാസം വൈകിയിരിക്കുകയാണ്. നീരൊഴുക്ക് തടസ്സപ്പെട്ടതുമൂലം ആദ്യ ഘട്ടത്തിൽ നടീൽ പൂർത്തികരിച്ച പാട ശേഖരങ്ങൾ വെള്ളത്തിനടിയിലായി നശിച്ചുകൊണ്ടിരിക്കുകയാണ്.
മൂന്ന് പാടശേഖര സമിതികളുടെ കീഴിലുള്ള പാടശേഖരങ്ങളിലും ഈ വർഷത്തെ മുണ്ടകൻ കൃഷിക്ക് മൂപ്പ് കൂടുതലുള്ള വെള്ള പൊൻമണി വിത്താണ് ഉപയോഗിക്കുന്നത്. 160 ദിവസമാണ് കൊയ്ത്ത് പാകമാവുന്നതിന് ആവശ്യം. തോടിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടും കർഷകർതന്നെ കണ്ടെത്തിയിരിക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾക്ക് പാട ശേഖര സമിതി ഭാരവാഹികളായ എ.കെ. ബാബു, പി.ഡി. തോമസ്, സി.പി. ലാൽസൻ, സി.എ. രാജൻ, കെ.ആർ. റെനിലാൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

