വിടവാങ്ങിയത് ഗുരുവായൂരിെൻറ പ്രിയ ആന വൈദ്യൻ
text_fieldsഗുരുവായൂർ: ആനത്താവളത്തിലെ ആനകളുടെ 'കുടുംബ ഡോക്ടർ' ആയിരുന്നു കഴിഞ്ഞദിവസം അന്തരിച്ച അവണപറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട്. ആനകൾക്ക് എന്ത് പ്രയാസമുണ്ടെന്നറിഞ്ഞാലും അവണപറമ്പ് ഉടൻ ഗുരുവായൂരിലെത്തും. അദ്ദേഹത്തിെൻറ സാന്നിധ്യം ആനകൾ തിരിച്ചറിയുകയും ചെയ്തിരുന്നു. ഓരോ ആനകളുടെയും പേരെടുത്ത് വിളിച്ച് അവണപറമ്പ് സംസാരിക്കാറുമുണ്ടായിരുന്നു. ഡോക്ടർ പറയുന്നത് ശ്രദ്ധാപൂർവം കേട്ട് നിൽക്കുന്ന രോഗിയെപ്പോലെയായിരുന്നു ആനകളുടെ ഭാവമപ്പോൾ. ദേവസ്വത്തിെൻറ ജീവധനം വിദഗ്ധ സമിതി അംഗമായിരുന്ന അവണപ്പറമ്പിെൻറ ഉപദേശം എന്നും ദേവസ്വം തേടാറുമുണ്ടായിരുന്നു.
പല കുസൃതി കൊമ്പൻമാരുടെയും ദുശീലങ്ങൾ മാറ്റാൻ മറ്റ് വൈദ്യശാസ്ത്ര ശാഖകൾ പരാജയപ്പെടുമ്പോൾ അവിടെ നമ്പൂതിരിപ്പാടിെൻറ പൊടിക്കൈകൾ വിജയിച്ചിരുന്നു. ആനത്താവളത്തിൽ സുഖചികിത്സ നടക്കുമ്പോൾ അതിന് മേൽനോട്ടം വഹിച്ച് അദ്ദേഹത്തിെൻറ സാന്നിധ്യം ഉണ്ടാവാറുണ്ട്. ഗുരുവായൂരിലെ എല്ലാ ആനകളുടെയും സ്വഭാവങ്ങളും പ്രത്യേകതകളും ആരോഗ്യാവസ്ഥയുമൊക്കെ മനഃപാഠമായിരുന്നു. പ്രായാധിക്യം കാരണം ഒരു വർഷമായി ചികിത്സാകാര്യങ്ങൾക്കായി ആനത്താവളത്തിലെത്തിയിരുന്നില്ല.
എങ്കിലും ഗുരുവായൂർ പത്മനാഭൻ െചരിഞ്ഞപ്പോൾ കാണാനെത്തിയിരുന്നു. അവണപറമ്പിെൻറ മരണത്തിൽ ദേവസ്വം അനുശോചിച്ചു. ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി, ജീവധനം മാനേജർ സുനിൽകുമാർ എന്നിവർ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

