സൗകര്യങ്ങൾ പരിമിതം;ഐരാണിക്കുളം കുടുംബ ആരോഗ്യ കേന്ദ്രം വിപുലീകരിക്കണം
text_fieldsഐരാണിക്കുളം കുടുംബ ആരോഗ്യ കേന്ദ്രം
മാള: സൗകര്യങ്ങൾ പരിമിതമായ ഐരാണിക്കുളം കുടുംബ ആരോഗ്യ കേന്ദ്രം വിപുലീകരിക്കണമെന്ന് ആവശ്യം. ഇവിടെ കിടത്തി ചികിത്സ ആരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഐരാണിക്കുളത്ത് പ്രവർത്തിക്കുന്ന കുഴൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രദേശത്തെ നിരവധി പേരാണ് ചികിത്സ തേടിയെത്തുന്നത്. ഒ.പി വിഭാഗത്തിൽ രണ്ട് ഡോക്ടർമാർ നിലവിലുണ്ട്.
നേരത്തേ ഇത് പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്നു. 1990ൽ ശിലാസ്ഥാപനം നടത്തി 1993ൽ നിർമിച്ച പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക കെട്ടിടം പഴയ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമാണ്. ഇതിൽ 12 ബെഡുകളുള്ള ഐ.പി വിഭാഗം നിലനിന്നിരുന്നുവെങ്കിലും പിന്നീട് നിലച്ചു. വിപുലീകരണത്തിന്റെ ഭാഗമായി ഇതിനോട് ചേർന്ന് പുതിയ കെട്ടിടം നിർമിക്കാൻ ടി.എൻ. പ്രതാപൻ എം.എൽ.എയുടെ ശ്രമഫലമായി 2015ൽ 60 ലക്ഷം രൂപ അനുവദിച്ചിരുന്നു. കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 2020 ലാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. ദിനംപ്രതി 250 രോഗികളാണ് കേന്ദ്രത്തിൽ എത്തുന്നത്.
എന്നാൽ കിടത്തി ചികിത്സക്ക് 30 കി.മീറ്റർ ദൂരെയുള്ള ആലുവ, ചാലാക്ക, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തണം. പത്ത് കി.മീറ്റർ ദൂരെ മാള സാമൂഹികാരോഗ്യകേന്ദ്രം നിലവിലുണ്ടെങ്കിലും മതിയായ ചികിത്സാ സംവിധാനങ്ങൾ ഇവിടെയുമില്ല.
ഐരാണികുളം, താണിശ്ശേരി, തിരുമുക്കുളം, മടത്തുംപടി, പാറപ്പുറം, കുണ്ടൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് കിടത്തി ചികിത്സക്ക് ദൂരെയുള്ള ആശുപത്രികൾ തേടിപ്പോകേണ്ട ഗതികേട്. അധികൃതരുടെ അവഗണനയിൽ കഴിയുന്ന ഈ ആരോഗ്യ കേന്ദ്രത്തെ വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കിടത്തി ചികിത്സ ആരംഭിക്കുമ്പോൾ ഐ.പി ബ്ലോക്കായി പഴയ കെട്ടിടം ഉപയോഗപ്പെടുത്താനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

