ഏഴാറ്റുമുഖം ഗണപതിക്ക് കാലിന് പരിക്ക്; ആനത്താരയിൽ വനം വകുപ്പിന്റെ ശുചീകരണം
text_fieldsഅതിരപ്പിള്ളിയിൽനിന്ന് വനപാലകർ ശേഖരിച്ച മാലിന്യം
ചാക്കുകളിലാക്കിയപ്പോൾ
അതിരപ്പിള്ളി: ഏഴാറ്റുമുഖം ഗണപതിക്ക് കാലിന് മുറിവേറ്റ പശ്ചാത്തലത്തിൽ കാട്ടാനകളുടെ സുരക്ഷ മുൻനിർത്തി ആനത്താരകളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഊർജിതമായ സുരക്ഷ ശുചീകരണം.
കാട്ടാനകൾ കൂടുതലായി കണ്ടു വരുന്ന ആറ് ഭാഗങ്ങളിലാണ് വനപാലകർ ശുചീകരണം നടത്തിയത്.
കാട്ടാനകളുടെ സ്വൈര്യ വിഹാരത്തിന് ഭീഷണിയായി മാറിയ കാട്ടിലെ ലോഹ അവശിഷ്ടങ്ങൾ, കുപ്പിച്ചില്ലുകൾ എന്നിവയാണ് ഇതിന്റെ ഭാഗമായി നീക്കം ചെയ്യുന്നത്. 50ൽ പരം വനപാലകരും വാച്ചർമാരും ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവൃത്തി നടത്തിയത്. ഇതിന്റെ ഭാഗമായി ധാരാളം കുപ്പിച്ചില്ലുകളുള്ള പുഴയുടെ വിവിധ ഭാഗങ്ങളിലും ശുചിയാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഏഴാറ്റുമുഖം ഗണപതിയെന്ന് വിളിക്കുന്ന കാട്ടാനയുടെ പാദം പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു.
ആന മുൻഭാഗത്തെ വലതുകാലിൽ ഞൊണ്ടലോടെയാണ് നടക്കുന്നത്. വനമേഖലയിലെ കുപ്പിച്ചില്ലോ ലോഹ കഷണമോ കൊണ്ടതാകാം കാരണമെന്നാണ് നിഗമനം. കാട്ടിൽ സഞ്ചാരികളും മറ്റും കുപ്പികൾ വലിച്ചെറിയുന്നതും നിർമാണത്തിന്റെ ഭാഗമായ കമ്പിവേലിയുടെ ഭാഗങ്ങളടക്കമുള്ള ലോഹ തുണ്ടുകളും അറിയാതെ കിടക്കുന്നത് കാട്ടാനകൾക്ക് സുരക്ഷ ഭീഷണി ഉയർത്തുന്നു. ഇത് നീക്കം ചെയ്യാനുള്ള അടിയന്തിര നീക്കമാണ് വനം വകുപ്പ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

