കാട്ടുപന്നികൾ 750 വാഴകള്‍ നശിപ്പിച്ചു; കരിയന്നൂരിൽ കര്‍ഷകര്‍ ദുരിതത്തില്‍
text_fieldsകരിയന്നൂരില്‍ കാട്ടുപന്നികള്‍ നശിപ്പിച്ച ചെങ്ങാലിക്കോടന്‍ നേന്ത്രവാഴ കൃഷി
എരുമപ്പെട്ടി: പഞ്ചായത്തിലെ കരിയന്നൂരില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് ചെങ്ങാലിക്കോടന്‍ നേന്ത്രന്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി 750 ലധികം നേന്ത്രവാഴകളാണ് കാട്ടുപന്നി കൂട്ടം നശിപ്പിച്ചത്. സുരേഷ്, വിജയന്‍, അബ്ദുൽ റഹ്‌മാന്‍, നാരായണന്‍ നായര്‍, അശോകന്‍, അനന്തന്‍, വേലായുധന്‍, ദിനേശ് എന്നിവരുടെ കൃഷിയിടത്തിലെ നേന്ത്രവാഴകളാണ് നശിപ്പിച്ചത്.
ഒരു മാസം മുതല്‍ കുലക്കാറായ വാഴകള്‍ വരെ നശിപ്പിച്ചിട്ടുണ്ട്. തണ്ട് കുത്തിമറിച്ച് കിഴങ്ങിന്റെ ഭാഗത്തെ ദ്രാവകം കുടിക്കുന്നതാണ് കാട്ടുപന്നികളുടെ രീതി. കുത്തി മറിച്ചിടാന്‍ ശ്രമം നടത്തിയ വാഴകളും പിന്നീട് നശിക്കുന്നതും വലിയ നഷ്ടമുണ്ടാക്കും. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുള്ളത്. ചെങ്ങാലിക്കോടന്‍ നേന്ത്രന്‍ കൂടാതെ സ്വര്‍ണ്ണമുഖി, കമ്പം-തേനി നേന്ത്രന്‍ എന്നിവയും നാടന്‍ വാഴകളും നശിപ്പിച്ചതില്‍ ഉള്‍പ്പെടുന്നു.
കൃഷി ഭവനില്‍നിന്ന് നിര്‍ദേശിച്ചതനുസരിച്ച് കുപ്പികളില്‍ വിവിധ ലായനികള്‍ കൃഷിയിടത്തിനു ചുറ്റും കെട്ടിയിട്ടിട്ടുണ്ട്. കൃഷിയിടത്തിനു ചുറ്റും വേലിക്കമ്പി മൂന്നുനിരയായി കെട്ടി കൃഷിയിടം സുരക്ഷിതമാക്കിയിട്ടും കാട്ടുപന്നികള്‍ ഇവയെല്ലാം മറികടക്കുകയാണ്. വെടിവെക്കാനാളെത്തിയപ്പോള്‍ കാട്ടുപന്നികളെ കണ്ടെത്താനായിരുന്നില്ല. 60 ഏക്കറോളം വരുന്ന നെല്‍കൃഷിയിലും കാട്ടുപന്നികളുടെ ശല്യമുണ്ട്.
ചെങ്ങാലിക്കോടന്‍ നേന്ത്രവാഴകൾ കൃഷി ചെയ്യുന്ന എരുമപ്പെട്ടി ചെങ്ങാലിക്കോടന്‍ ബനാന ഗ്രോവേഴ്‌സ് അസോസിയേഷന് 2016ല്‍ ദേശീയ പ്ലാന്റ് ജിനോം സേവ്യര്‍ കമ്യൂണിറ്റി പുരസ്കാരവും ലഭിച്ചിരുന്നു. കരിയന്നൂരിലെ കര്‍ഷകര്‍ ന്യൂഡല്‍ഹിയിലെത്തിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. പിന്നീട് വിപണനത്തിനായി കരിയന്നൂരില്‍ കേന്ദ്രം പണിയുകയും ചെയ്തു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ചെങ്ങാലിക്കോടന്‍ കൃഷി കുറയുകയാണ് ഉണ്ടായത്. ചുരുങ്ങിയ കര്‍ഷകര്‍ മാത്രമാണ് ഇപ്പോള്‍ നേന്ത്രന്‍ കൃഷി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

