മൂന്നക്ക നമ്പർ ചൂതാട്ടം: രണ്ടുപേർ അറസ്റ്റിൽ
text_fieldsസലീം, സജൽ
എരുമപ്പെട്ടി: വ്യാപാര സ്ഥാപനം കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി ചൂതാട്ടം നടത്തുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിച്ചൂർ അമ്മച്ചീട്ട് വളപ്പിൽ സലീം (46), മകൻ സജൽ (20) എന്നിവരെയാണ് എസ്.ഐ ടി. ശ്രീകുമാർ അറസ്റ്റ് ചെയ്തത്. തിച്ചൂരിൽ എ.വി.എം എന്ന സ്റ്റേഷനറി വ്യാപാര സ്ഥാപനം കേന്ദ്രീകരിച്ചാണ് പ്രതികൾ ചൂതാട്ടം നടത്തിയിരുന്നത്.
കേരള ലോട്ടറിയുടെ സമ്മാനാർഹമാകുന്ന ടിക്കറ്റുകളുടെ അവസാനത്തെ മൂന്ന് നമ്പറുകൾ ഉപയോഗിച്ചാണ് ഇവർ സമ്മാനം നൽകുന്നത്. കേരള ലോട്ടറിയുടെ ഒന്ന് മുതൽ അഞ്ചാം സമ്മാനം വരെയുള്ള ടിക്കറ്റുകൾ ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
മൂന്നക്കമുള്ള ഏത് നമ്പർ വേണമെങ്കിലും ആവശ്യക്കാർക്ക് വാട്സ് ആപ്പിലൂടെ നൽകാം. ഒരു നമ്പറിന് 20 രൂപയാണ് ഈടാക്കുന്നത്. ഒരാൾ മിനിമം 10 നമ്പർ എടുക്കണം. കേരള ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ് സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ പ്രഖ്യാപിച്ചാൽ ഈ നമ്പറുകൾ എടുത്തവർക്ക് സമ്മാനത്തുക നൽകും.
ഇത്തരത്തിൽ സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റ് ഉപയോഗപ്പെടുത്തി മൂന്നക്ക നമ്പർ ചൂതാട്ടം നടത്തുന്ന നിരവധി സംഘങ്ങൾ എരുമപ്പെട്ടിയിൽ പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരായ കൂലിപ്പണിക്കാരാണ് കൂടുതൽ ഇരകളാകുന്നത്. വീട്ടമ്മമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ്, എസ്.ഐ ടി.സി. അനുരാജ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ. സഗുൺ, കെ. സച്ചിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.