മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയയാൾ അറസ്റ്റിൽ
text_fieldsഎരുമപ്പെട്ടി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയയാളെ അറസ്റ്റ് ചെയ്തു. ചാലിശ്ശേരി താഴത്തങ്ങാടി കോലത്ത് വീട്ടിൽ സാജുവിനെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തി കൈയേറ്റം ചെയ്യാൻ ശ്രമിച്ച സാജുവിനെ ബലം പ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിലായിരുന്ന സാജു ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് വെള്ളറക്കാട് റോഡരികിൽ നിർത്തിയിട്ടിരുന്ന നെയ്യൻ വീട്ടിൽ ആന്റണിയുടെ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും ഭാഗികമായി തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. സാജുവിന്റെ കാറിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളും മദ്യക്കുപ്പിയും ഉണ്ടായിരുന്നു.
അപകടസ്ഥലത്തെത്തിയ നാട്ടുകാരെയും പൊലീസിനെയും ഇയാൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പൊലീസ് ഇയാളെ അനുനയിപ്പിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പൊലീസിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സാജുവിനെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. സാജുവിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയപ്പോൾ മദ്യപിച്ചതായി സ്ഥിരീകരിച്ചു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.