സർക്കാർ പദ്ധതികളിൽ വീട് ലഭിച്ചവർക്ക് റോഡില്ല
text_fieldsഎരുമപ്പെട്ടി പഞ്ചായത്തിലെ ആശ്രയ-ലൈഫ് പദ്ധതികളിൽ വീട് ലഭിച്ച കരിയന്നൂർ നിവാസികൾ വെള്ളക്കെട്ടിൽ അകപ്പെട്ടപ്പോൾ
എരുമപ്പെട്ടി: മഴ പെയ്താൽ പുറത്തിറങ്ങണമെങ്കിൽ മുട്ടോളം വെള്ളത്തിലൂടെ സഞ്ചരിക്കണം. എരുമപ്പെട്ടി പഞ്ചായത്തിലെ ആശ്രയ-ലൈഫ് പദ്ധതികളിൽ വീട് ലഭിച്ച കരിയന്നൂരിലെ 10 കുടുംബങ്ങളാണ് വെള്ളക്കട്ടുമൂലം ദുരിതമനുഭവിക്കുന്നത്. പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന കരിയന്നൂർ ആശ്രയ ഭവൻ റോഡ് നിർമിക്കാൻ പഞ്ചായത്ത് അധികാരികൾ തയാറാകാത്തതാണ് ഈ നിരാലംബ കുടുംബങ്ങളെ ദുരിതത്തിലാക്കുന്നത്.
പഞ്ചായത്തിൽനിന്ന് ആശ്രയ പദ്ധതി പ്രകാരം ലഭിച്ച രണ്ട് വീടുകളിെലയും ലൈഫ് പദ്ധതിയിൽ ലഭിച്ച എട്ടുവീടുകളിെലയും കുടുംബങ്ങളാണ് ഗുണഭോക്താക്കൾ. കഴിഞ്ഞ യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് പാലങ്ങളും റോഡും നിർമിക്കാൻ എട്ട് ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടി പൂർത്തീകരിച്ചിരുന്നു.
എന്നാൽ, തുടർന്നുവന്ന എൽ.ഡി.എഫ് ഭരണസമിതി അകാരണമായി പദ്ധതി ഒഴിവാക്കിയെന്നും രാഷ്ട്രീയവിരോധത്താൽ പഞ്ചായത്ത് പ്രസിഡന്റ് പദ്ധതി ഇല്ലാതാക്കുകയായിരുെന്നന്നും വാർഡ് മെംബർ റീന വർഗീസ് ആരോപിച്ചു. കിടപ്പുരോഗികളും മാനസിക വൈകല്യമുള്ളവരും കുട്ടികളും വയോധികരും ഉൾെപ്പടെ 25 പേരാണ് തുരുത്തിൽ താമസിക്കുന്നത്.
മഴ പെയ്താൽ തൊഴിലിനും ഭക്ഷണസാധനങ്ങൾ വാങ്ങാനും പോകുന്നതിന് വെള്ളത്തിലൂടെ കാൽനടയായി സഞ്ചരിക്കണം. കഴിഞ്ഞദിവസം ആശ്രയ കുടുംബത്തിൽ ഉൾപ്പെട്ട ഹൃദ്രോഗിയായ വയോധികക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മുട്ടോളം വെള്ളത്തിൽ ഏകദേശം 200 മീറ്ററോളം കസേരയിൽ ഇരുത്തി ചുമന്നാണ് കൊണ്ടുപോയത്.