വീട് കയറി ആക്രമണം; മകനും പിതാവും അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഗസൽ, പിതാവ് ബാബു
എരുമപ്പെട്ടി: വയോധികയെയും മകളെയും വീട് കയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മകനും പിതാവുമാണ് അറസ്റ്റിലായത്. വെള്ളറക്കാട് കൈതമാട്ടത്തിൽ താമസിക്കുന്ന പാറോത്ത്പറമ്പിൽ വീട്ടിൽ ഗസൽ (24), പിതാവ് ബാബു (45) എന്നിവരെയാണ് എരുമപ്പെട്ടി ഗ്രേഡ് എസ്.ഐ അശോകനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വെള്ളറക്കാട് കൈതമാട്ടത്തിൽ വയോധികയായ അമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടിൽ കയറിയാണ് പ്രതികൾ അക്രമം നടത്തിയത്. മയക്കമരുന്ന് സംഘത്തിൽ ഉൾപ്പെട്ട പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. പ്രതികൾ വയോധികയായ മാതാവിനെയും യുവതിയെയും കൈയേറ്റം ചെയ്യുകയും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഗസൽ. മകന്റെ പല കേസുകളിലും കൂട്ടുപ്രതിയാണ് പിതാവ് ബാബു. വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.