മഴ: പലയിടത്തും നാശം
text_fieldsകനത്തമഴയിൽ തകർന്ന
തിച്ചൂർ എട്ടാംമാറ്റിൽ മേക്കാട്ടുക്കുളം ലിസിയുടെ വീട്
വീട് തകർന്നു
എരുമപ്പെട്ടി: കനത്ത മഴയിൽ തിച്ചൂരിൽ വീട് ഭാഗികമായി തകർന്നു. വരവൂർ പഞ്ചായത്തിലെ പതിനാലാം വാർഡായ തിച്ചൂർ എട്ടാംമാറ്റിൽ മേക്കാട്ടുക്കുളം ലിസിയുടെ ഒാടിട്ട വീടാണ് തകർന്നത്. അടുക്കള ഭാഗം പൂർണമായും തകർന്നു. ചുമരുകളും മറ്റു ഭാഗങ്ങളും വിണ്ടുപൊട്ടി. ഓടുകളും പട്ടിക, കഴുക്കോൽ എന്നിവയും നശിച്ചു. നിർധനയായ ലിസിയും വിദ്യാർഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് ഈ വീട്ടിൽ താമസം. അഞ്ചുമാസം മുമ്പ് ഭർത്താവ് ബിജു മരിച്ചിരുന്നു.
മാരാത്തുകുന്നിൽ വീടിന് മുകളിലേക്ക് വീണ മരം
മരം കടപുഴകി കമ്യൂണിറ്റി ഹാളിന്റെ മേൽക്കൂര തകർന്നു
പട്ടിക്കാട്: താമര വെള്ളച്ചാൽ ആദിവാസി കോളനിയിലെ കമ്യൂണിറ്റി ഹാളിന് മുകളിലേക്ക് മരം വീണ് ഹാളിന്റെ മേൽക്കൂര പകുതിയിലധികം തകർന്നു. കൂടാതെ സമീപത്തെ വീടിനും കേട് സംഭവിച്ചു. തിങ്കളാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് റോഡരികിൽനിന്നിരുന്ന മരം കടപുഴകിയത്. ഈ സമയം ഹാളിലും പരിസരത്തും ആരുമുണ്ടാകാതിരുന്നതിനാൽ പരിക്ക് ഇല്ല. എന്നാൽ, മരം വെട്ടിമാറ്റുന്നതിനിടയിൽ മരക്കൊമ്പ് ദേഹത്ത് വീണ് പാലപ്പറമ്പ് വിനോദിന് പരിക്കേറ്റു.
വീടിനു മുകളിലേക്ക് മരം വീണു
വടക്കാഞ്ചേരി: മാരാത്തുകുന്ന് മരം വീണ് വീടിന് കേടുപാട് പറ്റി. തെങ്ങ് കടപുഴകി മരത്തിൽ വീണാണ് മരം വീടിന് മുകളിൽ പതിച്ചത്. മാരാത്തുകുന്ന് കോളനിയിൽ വാരിയത്ത് തങ്കമണിയുടെ വീടാണിത്. ഡിവിഷൻ കൗൺസിലറും വൈസ് ചെയർപേഴ്സനുമായ ഷീല മോഹനന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തങ്കമണിയേയും സമീപം താമസിക്കുന്ന മക്കളെയും മാരാത്തുകുന്ന് അംഗൻവാടിയിലേക്ക് മാറ്റിപ്പാർപ്പിച്ചു. വടക്കാഞ്ചേരി അഗ്നിരക്ഷ സേന എത്തി നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചുമാറ്റുന്നതിനിടെ തൊട്ടടുത്ത് നിന്നിരുന്ന മറ്റൊരു മരം മകന്റെ വീടിനു മുകളിലേക്കും വീണു. വൈദ്യുതി കമ്പിയും പൊട്ടി.