അറവുശാലയിൽനിന്ന് വിരണ്ടോടിയ പോത്തിനെ രണ്ടാഴ്ചക്കുശേഷം പിടികൂടി
text_fieldsകാണാതായ പോത്തിനെ പിടികൂടിയപ്പോൾ
എരുമപ്പെട്ടി: അറവുശാലയിൽനിന്ന് കയർപൊട്ടിച്ച് വിരണ്ടോടിയ പോത്തിനെ 15 ദിവസങ്ങൾക്കുശേഷം പിടികൂടി. കുണ്ടന്നൂർ മാവിൽചുവട് പെട്രോൾപമ്പിന് മുകൾഭാഗത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്ന് തിങ്കളാഴ്ച വൈകീട്ടാണ് പോത്തിനെ പിടികൂടിയത്.
ഡിസംബർ 27ന് രാത്രിയിൽ കാഞ്ഞിരക്കോട് ഹംസയുടെ അറവുശാലയിലേക്ക് കശാപ്പിനായി കൊണ്ടുവന്ന പോത്താണ് ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ കയറുപൊട്ടിച്ച് ഓടിരക്ഷപ്പെട്ടത്.
തുടർന്ന് ജല്ലിക്കെട്ട് സിനിമയെ അനുസ്മരിക്കുന്നവിധമാണ് പോത്തിെൻറ ഉടമയും നാട്ടുകാരും വടക്കാഞ്ചേരി പൊലീസും തിരച്ചിൽ നടത്തിയത്. തിരച്ചിലിനിടെ വിവിധ സ്ഥലങ്ങളിൽ കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കുണ്ടന്നൂർ വടക്കുമുറി, ചിറ്റണ്ട, തൃക്കണാപതിയാരം, മുട്ടിക്കൽ, ആറ്റത്ര, കോട്ടപ്പുറം എന്നിവിടങ്ങളിൽ വിവിധ ദിവസങ്ങളിലായി പോത്തിനെ കണ്ടവരുണ്ട്. വനത്തിലേക്ക് പോത്ത് രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്തിലായിരുന്നു നാട്ടുകാർ.