പൊലീസിനെ വെട്ടിച്ച് കടന്ന ബൈക്ക് മോഷ്ടാവിനെ പിടികൂടി
text_fieldsമഹാവിഷ്ണു
എരുമപ്പെട്ടി: ബൈക്ക് മോഷ്ടാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടി. തമിഴ്നാട് കല്ലകുറുച്ചിമാവട്ടം മഹാവിഷ്ണുവാണ് (38) എരുമപ്പെട്ടി പൊലീസിന്റെ പിടിയിലായത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ഗീതുമോൾ വെള്ളിയാഴ്ച പുലർച്ച രണ്ടോടെ പട്രോളിങ് നടത്തുന്നതിനിടയിലാണ് മെഡിക്കൽ കോളജ് പരിസരത്ത് നമ്പർ പ്ലേറ്റില്ലാത്ത പൾസർ ബൈക്കിൽ യുവാവ് സഞ്ചരിക്കുന്നത് ശ്രദ്ധയിൽപെട്ടത്. തടഞ്ഞ് നിർത്താൻ ശ്രമിച്ചെങ്കിലും ഇയാൾ എരുമപ്പെട്ടി ഭാഗത്തേക്ക് കടന്നു.
തുടർന്ന് എരുമപ്പെട്ടി പൊലീസിനെ വിവരമറിയിക്കുകയും പട്രോളിങ് നടത്തുകയായിരുന്ന എസ്.ഐ കെ. അബ്ദുൽ ഹക്കിം, പൊലീസ് ഓഫിസർമാരായ സഗുൺ, സുരേഷ്കുമാർ, സുജു എന്നിവർ ചേർന്ന് കരിയന്നൂരിൽ ബൈക്ക് തടഞ്ഞ് പിടികൂടുകയുമായിരുന്നു.
ബൈക്ക് പിന്തുടർന്നെത്തിയ എസ്.ഐ ഗീതുമോളുടെ നേതൃത്വത്തിലുള്ള പൊലീസിന് പ്രതിയെ കൈമാറി. രണ്ടു ദിവസം മുമ്പ് തൃശൂർ ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്ന് മോഷണം പോയ ബൈക്കാണ് ഇയാൾ ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

