തൊഴിൽ തട്ടിപ്പ് വ്യാപകം; സൂക്ഷിച്ചില്ലേൽ 'പണികിട്ടും'
text_fieldsതൃശൂർ: കേരളത്തിൽനിന്ന് ബംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമെത്തി നിരവധി ചെറുപ്പക്കാർ തൊഴിൽ തട്ടിപ്പിന് ഇരയാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി പൊലീസ്. ഏറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെട്ട കോവിഡ് കാലത്തിനുശേഷം തൊഴിൽ തട്ടിപ്പുകേസുകൾ കൂടിയതായാണ് പൊലീസ് പറയുന്നത്.
ജോലി തട്ടിപ്പിന് ഇരയായി നിരവധി മലയാളികൾ പലയിടങ്ങളിലും ഭക്ഷണം പോലുമില്ലാതെ കഴിയുന്നതായി റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണം ശക്തമാക്കിയിരിക്കുകയാണ്.
ജോലി വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ പേര് ഗൂഗിൾ മുഖേനയോ മറ്റോ പരിശോധിച്ച് അവരുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഫേസ്ബുക്ക്, ലിങ്ക്ഡ് ഇൻ പോലുള്ള സമൂഹ മാധ്യമ പേജുകൾ ഉണ്ടോ എന്ന് കണ്ടെത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കാവൂ. ഇത്തരം കമ്പനികളെക്കുറിച്ച റിവ്യൂകൾ പരിശോധിക്കണം. കമ്പനിയെക്കുറിച്ചോ ജോലി സംബന്ധിച്ചോ സംശയം തോന്നിയാൽ സ്വകാര്യ വിവരങ്ങൾ നൽകരുത്.
തൊഴിലവസരങ്ങളുടെ പേരിൽ പണം അടക്കേണ്ടിവരുമ്പോഴോ അഭിമുഖത്തിന് ഹാജരാകുകയോ ചെയ്യുമ്പോഴോ കമ്പനിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പാക്കണം. തൊഴിൽ പരസ്യങ്ങളിൽ തലവെച്ച് ഷാർജയിലെത്തിയ നാൽപതോളം പേർക്ക് ഇങ്ങനെ 65,000 മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിക്കുന്നു.
പൊലീസ് പറയുന്നത്
- വെബ്സൈറ്റ് യു.ആർ.എൽ സെക്യൂർ ആണോ എന്ന് ഉറപ്പുവരുത്തുക (അഡ്രസ് ബാറിലെ ലോക്ക് ഐക്കൺ ഉൾപ്പെടെ)
- തുക നൽകണമെന്ന് ആവശ്യപ്പെടുന്ന കമ്പനികളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുക, കെണിയിൽ വീഴാതിരിക്കുക.
- അഭിമുഖത്തിനുള്ള വിശദാംശങ്ങൾ ലഭിച്ചാൽ ഹാജരാകേണ്ട വിലാസം സെർച്ച് ചെയ്യുക
- വിലാസം കൃത്യമാണെന്നും നിലവിലുള്ളതാണെന്നും സുരക്ഷിതമായ പ്രദേശത്താണെന്നും ഉറപ്പാക്കുക
- അഭിമുഖത്തിനോ മറ്റോ കമ്പനിയുടെ ഓഫിസിൽ പോകുമ്പോൾ എവിടെ പോകുന്നു എന്ന് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയുക