വനിതകൾക്ക് തെരഞ്ഞെടുപ്പ് പരിശീലനം ; കിലയിൽ തിരക്കോടു തിരക്ക്
text_fieldsകേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ
മുളങ്കുന്നത്തുകാവ്: തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മുൻകൂട്ടി തയാറെടുക്കാനായി വനിതകൾക്ക് പരിശീലന പരിപാടി നടത്താനൊരുങ്ങിയപ്പോൾ അപേക്ഷിക്കകനുള്ള തീയതിക്കുള്ളിൽ തന്നെ ഹൗസ് ഫുൾ ബോർഡെഴുതി സംഘാടകർ.
നിങ്ങൾ ക്യൂവിലാണ് എന്ന അറിയിപ്പും നൽകേണ്ടി വന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചപ്പോൾ സംഘാടകർ തന്നെ വനിത പരിശീലന പരിപാടി വനിതാ നേതൃത്വ പരിശീലന പരിപാടിയാക്കി മാറ്റി പരമാവധി പേർക്ക് അവസരം നൽകാൻ ധാരണയായി. ഇതോടെ അപേക്ഷിച്ച വനിതകൾക്കെല്ലാം അവസരം നൽകി അവരുടെ പരാതി പരിഹരിക്കാനൊരുങ്ങുകയാണ് സംഘാടകർ. ഇതുമായി ബന്ധപ്പെട്ട അനുമതിയും ഫണ്ട് അനുവദിക്കലുമൊക്കെ കഴിഞ്ഞാലെ അവസാന തീരുമാനത്തിലെത്തുവാനാകുവെന്ന നിലപാടിലാണ് സംഘാടകർ ഇപ്പോൾ.
തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനാഗ്രഹിക്കുന്ന വനിതകൾക്ക് തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിശീലനം നൽകുവാൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ആണ് പദ്ധതി ആവിഷ്ക്കരിച്ചത്. 1000 പേർക്കാണ് പദ്ധതിയിൽ പരിശീലനം നൽകുവാൻ നിശ്ചയിച്ചിരുന്നത് . എന്നാൽ അപേക്ഷ തീയതി അവസാനിക്കുന്നതിനു മുമ്പു തന്നെ അപേക്ഷകരുടെ എണ്ണം ഏറെ കവിഞ്ഞു. ഇതോടെ സംഘാടകർ അപേക്ഷ തീയതി വേണ്ടെന്നു വെക്കാൻ നിർബന്ധിതരായി.
നിരവധി പേരാണ് പങ്കെടുക്കാനായി ഇപ്പോഴും കിലയിൽ അന്വേഷിക്കുന്നത്. ഇവരിൽ വിവിധ ജില്ലയിൽ നിന്നുള്ള വരുൾപ്പെടും. ഇതോടെയാണ് വനിതകൾക്കു മാത്രമായി ആവിഷ്കരിച്ച പരിപാടി നേതൃത്വ പരിശീലന പരിപാടിയാക്കി മാറ്റി പരമാവധി വനിതകൾക്ക് അവസരം നൽകാൻ ധാരണയായത്. പരിശീലനം തെരഞ്ഞെടുപ്പിന് മാത്രമുള്ളതല്ലെന്നും വനിതകളുടെ നേതൃപാടവം ഏതു മേഖലയിലും പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതാണെന്നും കില അധികൃതർ പറഞ്ഞു. അടുത്ത മാസം പരിശീലന പരിപാടിക്ക് തുടക്കമാകും.
ഇപ്പോൾ അപേക്ഷിച്ചവരിൽ നിന്നും തെരഞ്ഞെടുത്ത 100 പേർക്ക് ഒക്ടോബർ ആറ്, ഏഴ്, എട്ട് തിയതികളിൽ രണ്ട് ബാച്ചുകളിലായി പരിശീലനം നൽകും. മികച്ച ആശയ വിനിമയം, ടൈം മാനേജ്മെന്റ്, വോട്ടർമാരെ എങ്ങനെ സൗമ്യതയോടെ കൈകാര്യം ചെയ്യണം, വികസന കാഴ്ചപ്പാടുകൾ എങ്ങനെ രൂപപ്പെടുത്താം, സമ്മർദങ്ങൾ എങ്ങനെ ലഘൂകരിക്കാം, സമൂഹ മാധ്യമങ്ങൾ എങ്ങനെ ഫലപ്രദമായും ഉത്തരവാദിത്വത്തോടെയും ഉപയോഗിക്കാം തുടങ്ങി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

