ആറ് മാസത്തിനിടെ എട്ട് മരണം; എലിപ്പനി ഭീതിയിൽ ജില്ല
text_fieldsതൃശൂർ: ഈ വർഷം ജില്ലയിൽ എലിപ്പനി ബാധിച്ച് എട്ടുപേർ മരിച്ചു. നിരവധി പേർ അസുഖം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ജില്ലയിൽ നാല് മരണം റിപ്പോർട്ട് ചെയ്തു.
ജൂൺ, ജൂലൈ മാസങ്ങളിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ എലിപ്പനി ബാധിച്ച് ചികിത്സക്കെത്തിയത് 21 പേരാണ്. മഴയും വെള്ളപ്പൊക്കവും കനക്കുന്നതോടെ അസുഖം കൂടുതൽ പേരിലേക്ക് പടരാൻ സാധ്യത കൂടുതലാണ്. എലിപ്പനി പടരാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.
ജില്ലയിൽ എലിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. ടി.പി ശ്രീദേവി അറിയിച്ചു.
എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രവും വിസർജ്യങ്ങളും വഴി പകരുന്ന രോഗമാണ് എലിപ്പനി. ഇവയുടെ മൂത്രവും വിസർജ്യവും വഴി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കൾ മുറിവുകൾ വഴി മനുഷ്യശരീരത്തിൽ എത്തിയാണ് രോഗം ഉണ്ടാവുന്നത്.
വയലിൽ പണിയെടുക്കുന്നവർ, തോട്, കനാൽ, കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവ വൃത്തിയാക്കുന്നവർ, മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന വ്യക്തികൾ തുടങ്ങിയവരിൽ രോഗം കൂടുതലായി കണ്ടുവരുന്നു. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശി വേദനയും ആണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. കണ്ണിൽ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവയും കണ്ടേക്കാം.
എലിപ്പനിയുടെ ഭാഗമായി മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ കൂടി കാണിക്കും എന്നുള്ളതിനാൽ മഞ്ഞപ്പിത്തം ആണെന്ന് തെറ്റിദ്ധരിച്ച് നാടൻ ചികിത്സകളും മറ്റും ചെയ്യുന്നത് അപകടകരമാണ്. അതുകൊണ്ട് സ്വയം ചികിത്സ ചെയ്യാതെ ഉടൻതന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടാൻ ശ്രദ്ധിക്കണം.
പനിയോ മറ്റു രോഗലക്ഷണങ്ങളുമായോ ചികിത്സ തേടുമ്പോൾ മലിനജലവുമായി സമ്പർക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് ആരോഗ്യ പ്രവർത്തകരെ പ്രത്യേകം അറിയിക്കണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

