നോക്കുകൂലി: വീട്ടുടമയെ ആക്രമിച്ച കേസിൽ എട്ട് സി.ഐ.ടി.യു തൊഴിലാളികൾ റിമാൻഡിൽ
text_fieldsആക്രമണത്തിനിരയായ പ്രകാശ് മെഡിക്കൽ കോളജ് ആശുപത്രിയിൽ
വടക്കാഞ്ചേരി: മലാക്കയിൽ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വീട്ടുടമയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ എട്ട് സി.ഐ.ടി.യു. തൊഴിലാളികളെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച രാത്രി 10ന് മലാക്ക കദലിക്കാട്ടു വീട്ടിൽ പ്രകാശെൻറ വീട് പണിക്ക് എത്തിച്ച ഗ്രാനൈറ്റ് വാഹനത്തിൽനിന്ന് ഇറക്കാനായി കയറ്റിറക്ക് തൊഴിലാളികളെ വിളിച്ചില്ലെന്ന് പറഞ്ഞ് മർദിച്ച കേസിലാണ് സി.ഐ.ടി.യു ചുമട്ടു തൊഴിലാളികളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിൽ പരിക്കേറ്റ പ്രകാശൻ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു.
മലാക്ക സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂണിയനിലുള്ള വലിയപറമ്പിൽ ജയകുമാർ (35), മണലിത്തറ കല്ലിയേൽ ജോർജ് (57), ഊരോക്കാട് ഉല്ലാട്ടുകുഴിയിൽ തമ്പി (55), ചേനംകുഴിയിൽ വിഷ്ണു (26), ചേന്നംകുഴിയിൽ രാജീവൻ (34), മുള്ളത്ത് സുകുമാരൻ, (47), പണ്ടാരത്തിൽ രാധാകൃഷ്ണൻ (39), മുല്ലഴിപ്പാറ രാജേഷ് (38) എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
പതിനൊന്നരയോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തൊഴിലാളികളെ ആക്രമിച്ചുവെന്ന പരാതിയിൽ പ്രകാശനെയും കുടുംബത്തേയും പ്രതി ചേർത്ത് മറ്റൊരു കേസും പൊലീസ് രജിസ്റ്റർ ചെയ്തു.