വൻ ഇ സിഗരറ്റ് ശേഖരം പിടികൂടി
text_fieldsപിടിച്ചെടുത്ത ഇ സിഗരറ്റ്
തൃശൂർ: ക്രിസ്മസ്-പുതുവർഷം പ്രമാണിച്ച് സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലും ലഹരി പാർട്ടികൾക്കിടയിലും വിൽപനക്കായി എത്തിച്ച ചൈനീസ് നിർമിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വൻ ശേഖരം പൊലീസ് പിടികൂടി. നഗരത്തിലെ പ്രധാന സ്കൂളിൽ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷാകർത്താക്കൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരം സിറ്റി പൊലീസിന് കൈമാറിയിരുന്നു.
ഇതേത്തുടർന്നാണ് പരിശോധന നടത്തിയത്. നഗരത്തിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പുകളിലും ടാറ്റൂ കേന്ദ്രങ്ങളിലുമാണ് ഒന്നിന് 2500 രൂപ നിരക്കിൽ ഇ-സിഗരറ്റുകൾ വിൽപന നടത്തിയിരുന്നത്. സിറ്റി പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിന്റെയും ടൗൺ ഈസ്റ്റ്, വെസ്റ്റ് പൊലീസ് സ്റ്റേഷനുകളുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പുതുതലമുറ ലഹരിവസ്തുക്കൾ പിടികൂടിയത്.
കേന്ദ്രം നിരോധിച്ചത്
കാഴ്ചയിൽ മിഠായി പോലെ തോന്നിക്കുകയും എന്നാൽ, വൻ തോതിൽ നിക്കോട്ടീൻ അടങ്ങിയതാണ് ഇ സിഗരറ്റ്. ഇത് ഒരുതവണ ഉപയോഗിച്ചാൽ തന്നെ, കുട്ടികൾ അതിന് അടിമപ്പെടുകയും സ്വഭാവ വൈകൃതം പ്രകടിപ്പിക്കുകയും ചെയ്യുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. എല്ലാ തരത്തിലുള്ള ഇ-സിഗരറ്റുകളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും വിൽപന നടത്തുന്നതും കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുണ്ട്. ഇത് ഒരുവർഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
നഗരത്തിൽ പരിശോധന ശക്തമാക്കും
പുതുവർഷം പ്രമാണിച്ച് നഗരത്തിൽ എല്ലായിടത്തും പരിശോധന ശക്തമാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരെയും പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നവരെയും പിടികൂടാനും നിരോധിത മയക്കുമരുന്നുകളുടെ വിൽപന, ഉപയോഗം എന്നിവ കണ്ടെത്താനും പരിശോധന ഊർജിതമാക്കും.
അനധികൃത മദ്യ നിർമാണം, ചാരായ വാറ്റ്, സെക്കൻഡ് മദ്യ വിൽപന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവിടങ്ങളിൽ വിൽപന നടത്തുന്ന മദ്യം സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനക്ക് വിധേയമാക്കും.
നഗരത്തിൽ ആഘോഷങ്ങൾ നടക്കുന്നതിനിടെ പൊതുജനശല്യമുണ്ടാക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെയും നിരീക്ഷിക്കാൻ മഫ്ടിയിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മയക്കുമരുന്ന്, അനധികൃത ലഹരി വിൽപന തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് 0487 -2424193 നമ്പറിൽ അറിയിക്കാം.
ഓൺലൈൻ വിൽപന സജീവം
തൃശൂർ: ഇ -സിഗരറ്റ് പോലെയുള്ള പുകയില ഉൽപന്നങ്ങളുടെ വിൽപന ഓൺലൈൻ സൈറ്റുകളിൽ പൊടിപൊടിക്കുന്നു. നിരോധനം കാറ്റിൽപറത്തിയാണ് വിൽപന. പുകവലിയുടെ ദൂഷ്യവശങ്ങളിൽനിന്ന് മോചനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് ആളുകളെ ആകർഷിക്കുന്നത്.
വിദേശ രാജ്യങ്ങളാണ് ഇ-സിഗരറ്റ് വിൽപനയുടെ പ്രധാന ഉറവിടം. പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളേക്കാൾ ചെറുകിട ഓൺലൈൻ വ്യാപാര സൈറ്റുകളിലാണ് വിൽപന നടക്കുന്നത്. അംഗീകാരമില്ലാത്ത കൊറിയര്‍ സര്വിസുകളിലൂടെയും ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെയും അനധികൃതമായി വിദേശവസ്തുക്കള്‍ വില്‍ക്കുന്നവരിലൂടെയുമാണ് ഇവ എത്തുന്നത്.
ഇ-സിഗരറ്റിന്റെ ദൂഷ്യവശം പരിശോധിക്കാന്‍ നാലുവര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി നിരോധനം ശിപാര്‍ശ ചെയ്തിരുന്നു. പിന്നീടാണ് കേരളത്തിന് പുറമേ പഞ്ചാബ്, കർണാടക, മിസോറം, ജമ്മു-കശ്മീർ, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിരോധനം വന്നത്.
എന്താണ് ഇ-സിഗരറ്റ്?
ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഉപകരണം. കാഴ്ചയിൽ യഥാർഥ സിഗരറ്റ് പോലെ. നിക്കോട്ടിനും കൃത്രിമ രുചികൾക്കുള്ള ചേരുവകളും ചേർത്ത ദ്രവരൂപത്തിലുള്ള മിശ്രിതമാണിത്. ഇത് ചൂടാകുമ്പോൾ ഉണ്ടാകുന്ന ആവിയാണ് ഉള്ളിലേക്കു വലിക്കുന്നത്.
നിക്കോട്ടിൻ ട്യൂബ്, അതിന്റെ രുചി എന്നിവ അനുസരിച്ചാണ് വില വ്യത്യാസം. സാധാരണ സിഗരറ്റിനെ അപേക്ഷിച്ച് തീ കത്തിക്കാതെ ഉപയോഗിക്കാം. വിദ്യാർഥികളെ വേഗത്തിൽ ആകർഷിക്കുമെന്നാണ് എക്സൈസിന്റെ നിരീക്ഷണം. നിക്കോട്ടിൻ ഉൾപ്പെടെ ശരീരത്തിന് ഹാനികരമായ പല രാസവസ്തുക്കളും ഇതിൽ ചേർക്കാറുമുണ്ട്.
അപകടം പതിയിരിക്കുന്ന ഇ സിഗരറ്റ്
- അർബുദത്തിനും ഹൃദ്രോഗത്തിനും കാരണമാകും
- ഇവ പുറപ്പെടുവിക്കുന്ന വാതകം ഹൃദയമിടിപ്പ് വർധിപ്പിക്കും. ഡി.എൻ.എ ഘടകങ്ങളില്‍ മാറ്റം വരുത്തും
- ഇ സിഗരറ്റ് ഉപയോഗം മറ്റു നിക്കോട്ടിൻ ഉൽപന്നങ്ങളിലേക്കും ലഹരി വസ്തുക്കളിലേക്കും എത്തിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

