ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ഗുരുതര പരിക്ക്
text_fieldsപഴഞ്ഞി വെസ്റ്റ് മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ
ഇടഞ്ഞ ആന
പഴഞ്ഞി: വെസ്റ്റ് മങ്ങാട് കോട്ടിയാട്ടുമുക്ക് ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു. ആനയുടെ ആക്രമണത്തിൽ പാപ്പാന് ഗുരുതര പരിക്കേറ്റു. കൊണാർക്ക് കണ്ണൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ഒന്നാം പാപ്പാൻ കൊടകര സ്വദേശി സജീവനാണ് (45) ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 6.30ന് പുളിഞ്ചോടായിരുന്നു സംഭവം. വൈകീട്ട് കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ് മങ്ങാട് പുളിഞ്ചോട് കൊണ്ടുപോയി ചമയം അഴിച്ചു മാറ്റിയ ശേഷം മാറ്റിക്കെട്ടുകയായിരുന്ന പാപ്പാനെ പ്രകോപിതനായ കൊമ്പൻ ആക്രമിക്കുകയായിരുന്നു.
തുമ്പിക്കൈകൊണ്ട് തട്ടേറ്റ പാപ്പാൻ കാനയിലേക്ക് വീണു. അവിടെനിന്ന് കൊമ്പിൽ തൂക്കി ചുഴറ്റിയെറിഞ്ഞു. പാപ്പാനെ ആദ്യം കുന്നംകുളം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടഞ്ഞ ആന വൈദ്യുതിക്കാലുകൾ തട്ടിത്തെറിപ്പിച്ചു. എലിഫെന്റ് സ്ക്വാഡും മറ്റു പാപ്പാന്മാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

