കൊറിയർ വഴി മയക്കുമരുന്ന് വിൽപന; ഫിറ്റ്നസ് ട്രെയ്നറും കൂട്ടാളിയും പിടിയിൽ
text_fieldsവിഷ്ണു, പ്രജാൾ ഗൊഗോയി
തൃശൂർ: ഫിറ്റ്നസ് സെന്ററിന്റെ മറവിൽ കൊറിയർ പാർസൽ വഴി മയക്കുമരുന്ന് വിൽപന നടത്തിയ ഫിറ്റ്നസ് ട്രെയ്നറും ഇതര സംസ്ഥാന കൂട്ടാളിയും പിടിയിൽ. പടിഞ്ഞാറേകോട്ടയിൽ വിവ ഫിറ്റ്നസ് സെന്ററും അനുബന്ധ സാധനങ്ങളും വിൽക്കുന്ന പ്രോട്ടീൻ മാൾ എന്ന സ്ഥാപനം നടത്തുന്ന നെടുപുഴ തെക്കുംമുറി വാക്കയിൽ വിഷ്ണു (32), ജീവനക്കാരനും സഹായിയുമായ അസം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നിവരാണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഈസ്റ്റ് പൊലീസിന്റെയും പിടിയിലായത്.
എറണാകുളം കാലടി സ്റ്റേഷനിൽ കൊലപാതകക്കേസിൽ ഉൾപ്പെട്ടയാളാണ് പ്രജാൾ ഗോഗോ. ഓപറേഷൻ തൂഫാന്റെ ഭാഗമായി നിരന്തരം പരിശോധനകൾ നടത്തുന്നതിനിടെ സിറ്റി പൊലീസ് കമീഷണർ നകുൽ ആർ. ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രതിയും സഹായിയും നിരീക്ഷണത്തിലായിരുന്നു. പ്രജാൾ ഗോഗോയ് തൃശൂർ ടൗണിലെ ആമ്പക്കാടൻ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിൽ നിരന്തരമായി വന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടു. വിഷ്ണുവിന്റെ തന്നെ സ്ഥാപനമായ വെസ്റ്റേൺ ഹോൾസെയിലിന്റെ തുണിത്തരങ്ങൾ എന്ന തരത്തിലാണ് പ്രജാൾ കൊറിയർ അയച്ചിരുന്നത്.
ഈ സ്ഥാപനം വഴി നിരവധി സ്ഥലങ്ങളിലേക്ക് ലഹരി ഉൽപന്നങ്ങൾ പാർസലായി അയച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് നാല് ഗ്രാം ഹൈബ്രിഡ് കഞ്ചാവും 464 ഗ്രാം കഞ്ചാവും മൂന്ന് ഗ്രാം എം.ഡി.എം.എയും സഹിതം പ്രതികൾ പിടിയിലായത്.
വിഷ്ണുവിന് തൃശൂർ ഈസ്റ്റ്, വെസ്റ്റ്, തൃശൂർ എക്സൈസ്, അന്തിക്കാട് സ്റ്റേഷൻ എന്നിവിടങ്ങളിലായി ക്രൈം കേസുകളും മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട കേസുകളും ഉണ്ട്. തൃശൂർ സിറ്റി പൊലീസ് അസി. കമീഷണർ എം. ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ തൃശൂർ ഈസ്റ്റ് സബ് ഇൻസ്പെക്ടർമാരായ സദാശിവൻ, വരുൺ ഇ. ആദർശ്, പി.എസ്. ഗ്രീഷ്‌മ, സിവിൽ പൊലീസ് ഓഫിസർമാരായ ബിനുരാജ്, നിധീഷ്, രാഹുൽ കൃഷ്ണ എന്നിവരും തൃശൂർ സിറ്റി ഡാൻസാഫ് സംഘവുമാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

