കേരളത്തിലെ പുരോഗമനവാദികൾ പുറമേ മാർക്സിനെയും അകമേ പൂന്താനത്തെയും പേറുന്നവർ -ഡോ. ശ്യാംകുമാർ
text_fieldsതൃശൂർ: പുറമേ മാർക്സിനെയും അകമേ പൂന്താനത്തെയും പേറുന്നവരാണ് കേരളത്തിലെ പുരോഗമനവാദികളെന്ന് സംസ്കൃത പണ്ഡിതൻ ഡോ. ശ്യാംകുമാർ. 15ാം അന്താരാഷ്ട്ര നാടകോത്സവ ഭാഗമായി ‘പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ: ഇതര വിവരണങ്ങൾ വളർത്തിയെടുക്കാനുള്ള വഴികൾ’ എന്ന പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളികൾ ദ്വന്ദ ജീവിതം നയിക്കുന്നവരാണ്. പുറമേ വലിയ പുരോഗമനം ഒക്കെ പറയുമ്പോൾ തന്നെ ഉള്ളിൽ ജാതീയമായ ചിന്തയും പേറി നടക്കുന്നവരാണ് അധികവും. തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലായാലും ഗുരുവായൂരായാലും ശബരിമാലയിലായാലും ഒരു അബ്രാഹ്മണ പൂജാരിയെ കാണാത്തത് ഇതുകൊണ്ടാണ്. ഗുരുവായൂർ അമ്പലത്തിൽ സാമ്പാറിന് കായം കലക്കാൻ വരെ പട്ടരെ വേണം. തന്ത്രി അൽപം കറുത്തവനാണെങ്കിൽ അസ്വസ്ഥരാകുന്ന ഭക്തരുള്ള സ്ഥലമാണ് കേരളം.
തനിക്ക് കപ്പയും മീനും തന്ന മുസ്ലിം സ്ത്രീയെ കുറിച്ച് ശ്രീനാരായണ ഗുരു സംസാരിക്കുന്നുണ്ട്. ആ ഗുരുദേവനെ പിടിച്ച് സസ്യാഹാരിയാക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. എല്ലാത്തിനെയും ബ്രാഹ്മണ്യം വിഴുങ്ങുന്ന ഒരു അവസ്ഥാ വിശേഷം സംജാതമായിട്ടുണ്ട്. ഇതൊക്കെ നിരന്തരം വിളിച്ചുപറയുന്നതുകൊണ്ട് തനിക്ക് നിരന്തരം വധഭീഷണിയുണ്ടെന്നും ഡോ. ശ്യാം കുമാർ പറഞ്ഞു. മരണഭയമില്ലെന്നും ഇനിയും ഇതേവഴിയിൽ സത്യങ്ങൾ വിളിച്ചുപറഞ്ഞ് മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇറ്റ്ഫോക് ഡയറക്ടർ ഡോ. ബി. അനന്തകൃഷ്ണൻ മോഡറേറ്ററായി. ഡിയർ ചിൽഡ്രൻ സിൻസിയർലി- 7 ഡീറ്റെയിൽസ് ഓഫ് ശ്രീലങ്ക എന്ന നാടകത്തിന്റെ സംവിധായിക റൂവാന്തിയെ ഡി ചികേര, നാടക അധ്യാപകൻ ജോൺ ഭാഷ്ഫോഡ് എന്നിവർ സംസാരിച്ചു. ശ്രീലങ്കയിലെ സാമ്പത്തിക തകർച്ചയെ തുടർന്നുണ്ടായ ആഭ്യന്തര കലാപങ്ങളെ സംബന്ധിച്ച് റൂവാന്തിയെ വിശദീകരിച്ചു. കല എത്ര ചെറുതാകട്ടെ വലുതാകട്ടെ അതെല്ലാം പ്രതിരോധത്തിന്റെ ഭാഗങ്ങളായി കണക്കാക്കുമെന്ന് അവർ പറഞ്ഞു. സാംസ്കാരിക വ്യവഹാരത്തിൽ യുവാക്കളുടെ പങ്കിനെ സംബന്ധിച്ച് ജോൺ ബാഷ്ഫോർഡ്ച് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

